|
യുകെയിലെ കുടിയേറ്റ നിയമങ്ങളില്‍ വരുത്താന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ മലയാളി സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയറിയിക്കാന്‍ മലയാളി പ്രതിനിധി സംഘം എംകെ മലയാളീസ് മില്‍ട്ടണ്‍ കെയ്ന്‍സ് എം.പിയുമായും മേയറുമായും കൂടിക്കാഴ്ച നടത്തി. പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ മാത്രം ഐ.എല്‍.ആര്‍ എന്ന രീതിയിലുള്ള നിയമപരിഷ്‌കാരം നടപ്പിലായാല്‍ അത് കമ്മ്യൂണിറ്റിയിലുണ്ടാക്കാന്‍ പോകുന്ന സാമ്പത്തികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ യോഗം വിശദീകരിച്ചു.
കമ്മ്യൂണിറ്റിയുടെ വിവിധ മേഖലകളില്‍ നിന്നുള്ള 22 ഓളം പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മലയാളി സമൂഹം നേരിടുന്ന വെല്ലുവിളികള്‍ കൃത്യമായ കണക്കുകള്‍ സഹിതം ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഈ മീറ്റിംഗിലൂടെ സാധിച്ചു.
മലയാളി പ്രതിനിധികള്‍ ഉന്നയിച്ച വിഷയങ്ങള്‍ അതീവ ഗൗരവത്തോടെയാണ് എം.പി കേട്ടത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നുവെന്നും ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ജോലിത്തിരക്കും മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം നേരിട്ട് എത്താന്‍ കഴിയാതിരുന്ന നിരവധി ആളുകള്‍ മീറ്റിംഗിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
യുകെയില്‍ ശക്തമായ ഒരു മലയാളി സാന്നിധ്യമുണ്ടെന്നും നീതിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ സന്നദ്ധമായ ഒരു കൂട്ടായ്മ നമുക്കുണ്ടെന്നും തെളിയിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച. 'ഓരോ ശബ്ദവും വിലപ്പെട്ടതാണ്' എന്ന സന്ദേശമുയര്‍ത്തി വരും ദിവസങ്ങളിലും ശക്തമായ ഇടപെടലുകള്‍ തുടരാനാണ് കമ്മ്യൂണിറ്റിയുടെ തീരുമാനം. |