|
ടെക് ഭീമനായ സോഹോയുടെ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെംബുവും ഭാര്യയും വേര്‍പിരിയുന്നതായി മാധ്യമ റിപ്പോര്‍ട്ട്. വിവാഹമോചന നടപടികളുമായി ബന്ധപ്പെട്ട് 1.7 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 15,000 കോടി രൂപ) ബോണ്ട് കെട്ടിവയ്ക്കാന്‍ അമേരിക്കയിലെ കാലിഫോര്‍ണിയ കോടതി ഉത്തരവിട്ടു. ലോകത്തിലെ ഏറ്റവും ചെലവേറിയ നാലാമത്തെ വിവാഹമോചനമാണ് ഇതെന്നും ഒരു ഇന്ത്യന്‍ വ്യവസായിയുമായി ബന്ധപ്പെട്ട ഏറ്റവും ചെലവേറിയ വിവാഹമോചനമാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ കോടതിയുടെ ഉത്തരവ് പുറത്തു വന്നതിന് പിന്നാലെ വിവാഹമോചന വാര്‍ത്ത അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി.
കഴിഞ്ഞ വര്‍ഷമാണ് ഇത് സംബന്ധിച്ച ഉത്തരവ് പാസാക്കിയതെങ്കിലും കേസിന്റെ വിശദാംശങ്ങള്‍ അടുത്തിടെയാണ് പുറത്ത് വന്നത്. 1993ലായിരുന്നു ശ്രീധര്‍ വെംബുവിന്റെയും പ്രമീള ശ്രീനിവാസന്റെയും വിവാഹം. ഇരുവര്‍ക്കും ഒരു മകനുണ്ട്. അടുത്ത കാലങ്ങളില്‍ ഇന്ത്യയിലിരുന്നാണ് ശ്രീധര്‍ വെംബു തന്റെ കമ്പനിയെ നിയന്ത്രിക്കുന്നത്. കൂടാതെ, അദ്ദേഹത്തിന്റെ കര്‍ശനമായ ജീവിതശൈലിയും ഗ്രാമീണ മേഖലയുടെ വികസനത്തിനായുള്ള വാദവും ശ്രദ്ധ നേടുന്നു. അതിനാല്‍ വിവാഹമോചന ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇത്ര വലിയ തുക കൈമാറുന്നത് പലരെയും അത്ഭുതപ്പെടുത്തി.
ഫോബ്സിന്റെ കണക്കനുസരിച്ച് 2024ല്‍ ശ്രീധര്‍ വെംബുവിന്റെ ആസ്തി 5.85 ബില്ല്യണ്‍ ഡോളറായിരുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ 39ാം സ്ഥാനത്താണ് അദ്ദേഹം. |