ആദ്യനായകനെ നേരില്‍ കണ്ട് നടി കനക. 1989ല്‍ പുറത്തിറങ്ങിയ 'കരകാട്ടക്കാരന്‍' എന്ന തന്റെ ആദ്യചിത്രത്തില്‍ നായകനായ രാമരാജനെയാണ് കനക സന്ദര്‍ശിച്ചത്. ഒരു വര്‍ഷത്തോളം തിയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമായിരുന്നു 'കരകാട്ടക്കാരന്‍'. ചിത്രത്തിലെ 'മാങ്കുയിലേ പൂങ്കുയിലേ' എന്ന ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഗംഗൈ അമരന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ കനക-രാമരാജന്‍ ജോഡിയും തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി.
Watch superhit song video : -
യുവസംഗീത സംവിധായകന്‍ ധരന്‍ കുമാറിനൊപ്പമാണ് കനക പഴയനായകന്‍ രാമരാജനെ കാണാനെത്തിയത്. ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ഇരുവര്‍ക്കും ഒപ്പം ഒരുപാട് പഴയകാല സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തുവെന്ന് പ്രിയതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചു. 'ഉച്ചഭക്ഷണം ഒരു ഓര്‍മ്മ പുതുക്കലായി മാറുമ്പോള്‍ എന്റെ സഹോദരി കനകയോടും രാമരാജന്‍ സാറിനോടുമൊപ്പം 37 വര്‍ഷത്തെ സിനിമാ ഓര്‍മകള്‍ അയവിറക്കുന്നു,' ധരന്‍ കുമാറിന്റെ വാക്കുകള്‍.
കനകയുടെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. കനകയുടെ രൂപത്തില്‍ വന്ന മാറ്റമാണ് അതിനൊപ്പം വലിയ ചര്‍ച്ചയായത്. സില്‍വര്‍ നിറത്തില്‍ ഹൈലൈറ്റ് ചെയ്യുന്ന ഐ മേക്കപ്പിലാണ് കനക ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. കനകയുടെ ഈ ലുക്കും ഏറെ ചര്‍ച്ചയായി. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത താരമാണ് കനക. നിരവധി ഗോസിപ്പുകളും താരത്തിന്റെ അജ്ഞാതമായ വ്യക്തിജീവിതത്തെപ്പറ്റി സജീവമാണ്.