|
ബ്രിക്സ് സമ്മേളനം ഇന്ത്യയില്‍ വെച്ച് നടക്കും. ബ്രിക്സ് ഇന്ത്യ 2026ന്റെ ഔദ്യോഗിക ലോഗോയും വെബ്സൈറ്റും ഔദ്യോഗിക പ്രമേയവും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ചൊവ്വാഴ്ച പുറത്തിറക്കി. പുതിയ വെബ്സൈറ്റ് ഒരു പൊതുവേദിയായി പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിന്റെ യോഗങ്ങളുടെയും അനുബന്ധപ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അതില്‍ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
താമരപ്പൂവിന്റെ നടുവില്‍ കൈകൂപ്പി നമസ്തേ പറയുന്ന രീതിയിലാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബ്രിക്സ് ലോഗോ സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളുടെയും നിറങ്ങളെ പ്രതിഫലിപ്പിക്കുന്നതായി എസ്. ജയ്ശങ്കര്‍ പറഞ്ഞു. സംഘടനയ്ക്കുള്ളിലെ ഐക്യത്തെയും തുല്യപ്രധാന്യത്തെയും ലോഗോയുടെ ഡിസൈനില്‍ ചിത്രീകരിച്ചിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിക്സ് സമ്മേളനത്തില്‍ ഇന്ത്യ അധ്യക്ഷത വഹിക്കുമ്പോള്‍ അതിലെ നാല് തൂണുകള്‍ ഏതൊക്കെയാണെന്നും എസ്. ജയ്ശങ്കര്‍ വിശദീകരിച്ചു. പ്രതിരോധം, സഹകരണം, ഇന്നൊവേഷന്‍, സുസ്ഥിരത എന്നിവയാണ് നാല് തൂണുകള്‍. ആഗോള, പ്രാദേശിക വെല്ലുവിളികളെ നേരിടുന്നതില്‍ സംഘടനയുടെ മുന്‍ഗണനകള്‍ ഈ നാല് തൂണുകളെയും പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. |