|
കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് മുംബൈയില്‍ പിടിയില്‍. ജീവനൊടുക്കിയ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെയാണ് പോലീസ് മുംബൈയില്‍ വെച്ച് പിടികൂടിയത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുബൈ വിമാനത്താവളത്തില്‍ വെച്ച് ഇയാള്‍ പിടിയിലായത്.
ഇയാള്‍ക്കെതിരെ കേസെടുത്ത പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുമാണ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. ഉണ്ണികൃഷ്ണനെതിരെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് കമലേശ്വരം സ്വദേശികളായ എസ് എല്‍ സജിതയെയും മകള്‍ ഗ്രീമ എസ് രാജിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.
ജീവനൊടുക്കാന്‍ കാരണം മകളുടെ ഭര്‍ത്താവായ ബി എം ഉണ്ണികൃഷ്ണനാണെന്ന വാട്‌സാപ്പ് സന്ദേശം സജിത മരിക്കും മുമ്പ് ബന്ധുക്കള്‍ക്ക് അയച്ചിരുന്നു. ആറു വര്‍ഷത്തെ മാനസികപീഡനവും അപമാനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്. കേവലം 25 ദിവസം കൂടെ താമസിച്ച് ഉണ്ണികൃഷ്ണന്‍ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു സന്ദേശം.
ഗ്രീമയെ ഭര്‍ത്താവ് ഉപേക്ഷിച്ചതിലുള്ള കടുത്ത മനോവിഷമമാണ് ജീവനൊടുക്കാനുണ്ടായ കാരണമെന്ന് മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. കേവലം 25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഭര്‍ത്താവ് ഉപേക്ഷിച്ചുവെന്ന് സജിത മരിക്കുന്നതിന് മുന്‍പ് ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തിലും പറയുന്നു.
'ഞങ്ങള്‍ സയനൈഡ് കഴിച്ച് മരിക്കുകയാണ്' എന്ന സന്ദേശം കുടുംബ ഗ്രൂപ്പില്‍ പങ്കുവെച്ചതിന് പിന്നാലെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളിലെ സോഫയില്‍ പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. മൃതദേഹത്തിന് സമീപത്തുനിന്നും സയനൈഡ് കലര്‍ത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സജിതയുടെ ഭര്‍ത്താവും റിട്ട. അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന എന്‍. രാജീവ് അടുത്തിടെയാണ് അന്തരിച്ചത്. ഇത് കുടുംബത്തെ കൂടുതല്‍ മാനസിക വിഷമത്തിലാക്കിയിരുന്നു.
ആറ് വര്‍ഷം മുന്‍പായിരുന്നു അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനായ ബി.എം. ഉണ്ണികൃഷ്ണനും ഗ്രീമയും തമ്മിലുള്ള വിവാഹം നടന്നത്. 200 പവന്‍ സ്വര്‍ണ്ണവും വസ്തുവകകളും നല്‍കിയാണ് വിവാഹം നടത്തിയതെങ്കിലും കേവലം ഒരു മാസം പോലും ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അടുത്തിടെ നാട്ടിലെത്തിയ ഉണ്ണികൃഷ്ണന്‍ വിവാഹബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചത് കുടുംബത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. നിലവില്‍ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. |