|
സമാജം രക്ഷാധികാരി രവികുമാര്‍ ഭദ്ര ദീപം കൊളുത്തി ചടങ്ങുകള്‍ ആരംഭിച്ചു. ഗോപീകൃഷ്ണന്‍ ഉണ്ണിത്താന്‍ മേല്‍ ശാന്തി ആയി പൂജാദികാര്യങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. പ്രവീണ്‍ കുമാറും ജിനീഷ് കുമാറും സഹ കാര്‍മ്മികരും ആയി. മുഖ്യ മേല്‍ശാന്തി ഗോപീകൃഷ്ണന്‍ ഉണ്ണിത്താന്‍ കൊടിയേറ്റിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. അഭിഷേകം, നീരാഞ്ജനം, അര്‍ച്ചന, പടിപൂജ എന്നീ വഴിപാടുകള്‍ യഥാവിധി നടത്തി. രജീഷ് പരമേശ്വരന്റെ നേതൃത്വത്തില്‍ അതിഗംഭീരമായ ഭജന ഭക്തര്‍ക്ക് നവ്യാനുഭവമായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഭക്തജനങ്ങളുടെ അഭൂതപൂര്‍വ്വമായ സാന്നിധ്യം ചടങ്ങ് ഗംഭീരമാക്കി. മലയാളികളേക്കാള്‍ തമിഴ്-കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ടോണ്ടന്‍ ഹിന്ദു സമാജത്തില്‍ നിന്നും അയ്യപ്പ ഭക്തരുടെ വന്‍ പങ്കാളിത്തം ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവത്തിലെ എടുത്തു പറയേണ്ട കാര്യം ആണ്. ഉണ്ണിയപ്പം, പായസം, കേസരി തുടങ്ങി നിരവധി പ്രസാദങ്ങള്‍ നേദിക്കുവാന്‍ ഭക്തജനങ്ങളുടെ തിരക്ക് തന്നെ എല്ലാവരും ഈ മകരവിളക്ക് മഹോത്സവം ഹൃദയത്തില്‍ ഏറ്റെടുത്തു എന്നതിന്റെ മകുടോദാഹരണം തന്നെ ആണ്.
സന്ധ്യ സുരേഷ്, രേഷ്മ ശ്യാം, പാര്‍വണി പ്രവീണ്‍ എന്നിവര്‍ അയ്യപ്പ ചരിതത്തെ ആസ്പദമാക്കി നടത്തിയ നൃത്ത്യം നയനാന്ദകരം ആയിരുന്നു. പതിനെട്ടാം പടിയും കല്‍വിളക്കുകളും കൊടിമരവും അതി മനോഹരമായി നിര്‍മ്മിച്ച് സമര്‍പ്പിച്ച സമാജം വൈസ് പ്രസിഡന്റ് ശ്യാം കുമാറിനെ വേദിയില്‍ ആദരിച്ചു. മകര വിളക്ക് മഹോത്സവത്തിന്റെ വിജയത്തിന് വേണ്ടി പ്രയത്നിച്ച എല്ലാവര്‍ക്കും സമാജം പ്രസിഡന്റെ സൂരജ് സുകുമാരനും സെക്രട്ടറി റിജേഷ് രാജും ട്രഷറര്‍ ശ്രീലത മനോജും നന്ദി അറിയിച്ചു. |