നോര്‍വിച്ച് സിറ്റി: ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി യുകെയിലും അമേരിക്കയിലും പൊലീസ് സേനയില്‍ ജോലി ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഈ മാസം 18ന് പുലര്‍ച്ചെയാണ് റെയ്മണ്ട് വില്യംസ് (61) അറസ്റ്റിലായത്. യുഎസിലെ ഡാലസില്‍ ജനിച്ച റെയ്മണ്ട് അവിടെ പൊലീസ് സേനയില്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് യുകെയിലേക്ക് താമസം മാറിയ അദ്ദേഹം നോര്‍വിച്ച് സിറ്റി കൗണ്‍സിലില്‍ ട്രാഫിക് വാര്‍ഡനായി ജോലി ചെയ്തു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം നോര്‍ഫോക്ക് കോണ്‍സ്റ്റാബുലറിയുടെ പൊലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫിസറായും പ്രവര്‍ത്തിച്ചു. അമേരിക്കന്‍ ഫുട്‌ബോള്‍ ടീമായ ഡാലസ് കൗബോയ്‌സിന്റെ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജനുവരി 17ന് അര്‍ധരാത്രിയോടെ തോര്‍പ്പ് സെന്റ് ആന്‍ഡ്രൂവിലെ വീടിന് പുറത്ത് റെയ്മണ്ടിന്റെ ഭാര്യ ടാനിയയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ടാനിയ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കഴുത്തിലെ മുറിവാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
ജഡ്ജി ആന്റണി ബേറ്റ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. കേസിന്റെ വിചാരണ ജൂലൈ 20ന് ആരംഭിക്കുമെന്ന് കോടതി അറിയിച്ചു