ലണ്ടന്‍: ബ്രിട്ടനിലെ മോര്‍ഗേജ് പലിശനിരക്കുകള്‍ വീണ്ടും ആറു ശതമാനത്തിന് മുകളിലേക്ക് എത്തുമെന്ന ആശങ്ക ഉയരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും, ഭാവിയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ബാങ്കുകള്‍ കുറഞ്ഞ നിരക്കിലുള്ള മോര്‍ഗേജ് ഓഫറുകള്‍ പിന്‍വലിച്ചു.
ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ശരാശരി മോര്‍ഗേജ് നിരക്കുകള്‍ അഞ്ചു ശതമാനത്തിന് മുകളിലേക്ക് പോയത്. 25-ല്‍ അധികം വായ്പാദാതാക്കള്‍ അവരുടെ ഫിക്സ്ഡ് ഹോം ലോണ്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കുറയുന്ന പ്രവണതയിലായിരുന്ന മോര്‍ഗേജ് നിരക്കുകള്‍, അമേരിക്കയുടെ ഇറാനുമേലുള്ള കടന്നുകയറ്റവും എണ്ണവില വര്‍ധനയും മൂലം വീണ്ടും ഉയരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ 28 വായ്പാദാതാക്കള്‍ നിരക്ക് വര്‍ധിപ്പിക്കുകയും, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം അഞ്ഞൂറോളം മോര്‍ഗേജ് ഓഫറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെടുകയും ചെയ്തു. ഈ വര്‍ഷം ഫിക്സ്ഡ് റേറ്റ് ഡീലുകള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പത്ത് ലക്ഷത്തിലേറെ കുടുംബങ്ങള്‍ റീമോര്‍ഗേജ് ചെയ്യുമ്പോള്‍ കൂടുതലായ തുക നല്‍കേണ്ടിവരും.
സാധാരണ രണ്ട് വര്‍ഷ ഫിക്സ്ഡ് നിരക്ക് 4.93 ശതമാനമായിരുന്നത് ഇന്നലെ 5.01 ശതമാനമായി. മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഫെബ്രുവരി 27-ന് ഇത് 4.83 ശതമാനമായിരുന്നു. അഞ്ച് വര്‍ഷത്തെ ഫിക്സ്ഡ് നിരക്ക് 5.03 ശതമാനത്തില്‍ നിന്ന് 5.09 ശതമാനമായി ഉയര്‍ന്നു.
2021-ല്‍ അഞ്ച് വര്‍ഷ ഫിക്സ്ഡ് മോര്‍ഗേജ് ഡീലുകള്‍ വെറും 0.91 ശതമാനം നിരക്കില്‍ വരെ ലഭ്യമായിരുന്നു. അന്ന് ശരാശരി അഞ്ച് വര്‍ഷ നിരക്ക് 2.75 ശതമാനമായിരുന്നു. അന്ന് 25 വര്‍ഷത്തേക്ക് രണ്ട് ലക്ഷം പൗണ്ട് മോര്‍ഗേജ് എടുത്തവര്‍ പ്രതിമാസം 922 പൗണ്ട് അടച്ചിരുന്നെങ്കില്‍, ഇന്ന് അതേ ഡീലിന് 1,180 പൗണ്ട് വീതം തിരിച്ചടയ്ക്കേണ്ടിവരുന്നു