Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
മലയാളി നേതാവ് ജോസ് ജോസഫ് ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി
reporter

ലണ്ടന്‍/ക്രോയിഡന്‍: ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ വംശീയ വിവേചനവും പക്ഷപാതവും ശക്തമാണെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രമുഖ മലയാളി നേതാവ് ജോസ് ജോസഫ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ലണ്ടനിലെ സറേ സ്ട്രീറ്റ് മാര്‍ക്കറ്റിലെ സുപരിചിത മുഖവും ക്രോയിഡന്‍ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യവുമായ ജോസ് ജോസഫ്, പാര്‍ട്ടി അംഗങ്ങള്‍ക്ക് അയച്ച വിടവാങ്ങല്‍ സന്ദേശത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

വിദേശ വംശജരോടും ന്യൂനപക്ഷ വിഭാഗങ്ങളോടും ലേബര്‍ പാര്‍ട്ടി നീതിപൂര്‍വ്വമായല്ല പെരുമാറുന്നതെന്നും, പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നത് വിഷലിപ്തമായ അന്തരീക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു. 2026-ലെ പ്രാദേശിക ഭരണസമിതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് പാര്‍ട്ടി വിലക്കിയതോടെയാണ് രാജി.

ജൂലി സെച്ച്ഫീല്‍ഡ് തയ്യാറാക്കിയ ഏകപക്ഷീയമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ പുറന്തള്ളിയതെന്ന് ജോസ് ആരോപിച്ചു. 2019-ലെ തിരഞ്ഞെടുപ്പില്‍ പ്രാദേശിക അംഗങ്ങളുടെ വോട്ടെടുപ്പില്‍ ഒന്നാമനായിരുന്നെങ്കിലും പാര്‍ട്ടി സംഘാടകര്‍ ഇടപെട്ട് അദ്ദേഹത്തിന്റെ പേര് ബാലറ്റ് പേപ്പറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. 2020-ലെ ആഭ്യന്തര അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിവച്ചെങ്കിലും, അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിച്ചില്ല.

ക്രോയിഡനിലെ നിലവിലെ കൗണ്‍സിലര്‍മാരില്‍ 6 പേരെ വീണ്ടും മത്സരിക്കുന്നതില്‍ നിന്ന് പാര്‍ട്ടി വിലക്കിയിട്ടുണ്ട്. വിലക്കപ്പെട്ടവരില്‍ 5 പേരും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ 4 പേരും കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളാണ്.

'സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തുല്യത പാലിക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് സമൂഹത്തില്‍ നീതി നടപ്പിലാക്കാന്‍ കഴിയുമോ?' എന്ന് രാജി സന്ദേശത്തില്‍ ജോസ് ചോദിച്ചു. 'കഴിഞ്ഞ 15 വര്‍ഷമായി എന്റെ സമയം, പണം പാര്‍ട്ടിക്കായി ചിലവഴിച്ചു. എന്നാല്‍ ലഭിച്ചത് അംഗീകാരമല്ല, മറിച്ച് വിവേചനവും അവഗണനയുമാണ്,' എന്നും അദ്ദേഹം വ്യക്തമാക്കി.

ക്രോയിഡനിലെ മലയാളി സമൂഹത്തിനിടയില്‍ വലിയ സ്വാധീനമുള്ള ജോസ് ജോസഫിന്റെ രാജി, ലേബര്‍ പാര്‍ട്ടിക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍

 
Other News in this category

 
 




 
Close Window