ബെംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ വെച്ച് പ്രധാനപ്പെട്ട രേഖകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ബ്രിട്ടീഷ് യുവാവിന് തുണയായി നഗര പൊലീസ്. എച്ച്.എസ്.ആര്‍ ലേഔട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നടത്തിയ അതിവേഗ ഇടപെടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്. യുകെയില്‍ നിന്നെത്തിയ യുവാവ് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ അറിയാതെ ബാഗ് മറന്നുവെക്കുകയായിരുന്നു. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രധാന രേഖകളാണ് ബാഗിലുണ്ടായിരുന്നത്. പരാതി ലഭിച്ച ഉടന്‍ സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡി.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ഓട്ടോറിക്ഷ തിരിച്ചറിഞ്ഞത്.
ഓട്ടോ ഡ്രൈവറെ കണ്ടെത്തി ബാഗ് സുരക്ഷിതമായി ഉടമസ്ഥന് തിരികെ നല്‍കുകയും ചെയ്തു. ''ബ്രിട്ടീഷ് പൗരന് നഷ്ടപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ അടങ്ങിയ ബാഗ് പരാതി ലഭിച്ച ഉടന്‍ തന്നെ എച്ച്.എസ്.ആര്‍ ലേഔട്ട് പൊലീസ് വീണ്ടെടുത്തു. പൊലീസിന്റെ കൃത്യനിഷ്ഠയും സേവനസന്നദ്ധതയും പൊതുജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു'' എന്ന് ബെംഗളൂരു പൊലീസ് ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.
ബാഗ് തിരികെ ലഭിച്ച വിദേശി പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഏകദേശം 29,000-ത്തിലധികം ആളുകളാണ് എക്‌സ് (ട്വിറ്റര്‍) ല്‍ ഈ വാര്‍ത്ത കണ്ടത്.
പൊലീസിന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തെ പ്രശംസിച്ച് നിരവധി പേര്‍ കമന്റുകളുമായി എത്തി. ''ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്ന പ്രവൃത്തി'' എന്നും ''ഇത്തരം വേഗത്തിലുള്ള നടപടികള്‍ പൊലീസ് സംവിധാനത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു'' എന്നും പൊതുജനങ്ങള്‍ അഭിപ്രായപ്പെട്ടു. യുവാവിന് ബാഗ് തിരികെ ലഭിച്ചതോടെ വലിയ ആശ്വാസം ലഭിച്ചുവെന്നതാണ് അവസാന വാക്ക്