Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തമിഴ്‌നാട്ടില്‍ പശുവിനെയും കന്നുകുട്ടിയെയും കശാപ്പ് ചെയ്യരുത്; മദ്രാസ് ഹൈക്കോടതിയുടെ അടിയന്തര നിര്‍ദേശം
reporter

ചെന്നൈ: തമിഴ്‌നാട്ടില്‍ ബക്രീദിനോടനുബന്ധിച്ചോ മറ്റേതെങ്കിലും ദിവസങ്ങളിലോ പശുവിനെയോ കന്നുകുട്ടിയെയോ കശാപ്പ് ചെയ്യുന്നത് തടയണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍, ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനും, സ്വീകരിച്ച നടപടികളെക്കുറിച്ച് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹിന്ദു മക്കള്‍ കക്ഷി യുവജന വിഭാഗം സെക്രട്ടറി കെ. സൂര്യ പ്രശാന്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ബക്രീദിനോടനുബന്ധിച്ച് അംഗീകൃത സ്ഥലങ്ങളല്ലാത്ത പൊതു ഇടങ്ങളില്‍ മൃഗബലി അനുവദിക്കരുതെന്നും, കോയമ്പത്തൂരിലെ ചില ഭാഗങ്ങളില്‍ അനധികൃതമായി പശുക്കളെ കശാപ്പ് ചെയ്യാനുള്ള നീക്കമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ബക്രീദ് ദിനത്തില്‍ എല്ലാ മുസ്ലിംകളും പശുവിനെ ബലിയര്‍പ്പിക്കാറില്ലെന്ന സുപ്രീംകോടതിയുടെ മുന്‍ നിരീക്ഷണം മദ്രാസ് ഹൈക്കോടതി പരാമര്‍ശിച്ചു. ഇസ്ലാം മതവിശ്വാസം പ്രകടിപ്പിക്കുന്നതിനായി ബക്രീദിന് പശുവിനെ ബലിയര്‍പ്പിക്കല്‍ നിര്‍ബന്ധിത മതാചാരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശ്രീകൃഷ്ണന്റെ കാലം മുതല്‍ പശുവിനെ ആരാധനാപരമായ സ്ഥാനത്ത് കണക്കാക്കിയിട്ടുണ്ടെന്നും, മഹാത്മാഗാന്ധി ഗോസംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നുവെന്നും കോടതി നിരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും ഗോവധ നിരോധന നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും, അത്തരം നിയമങ്ങള്‍ വിവിധ കോടതികള്‍ ശരിവെച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതു ഇടങ്ങളില്‍ നിയമവിരുദ്ധ കശാപ്പ് നടക്കാതിരിക്കാനും സംസ്ഥാനത്തെ നിലവിലെ മൃഗസംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും ഭരണകൂടം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. ബക്രീദിന് മുന്നോടിയായി വന്ന ഈ ഉത്തരവ് തമിഴ്‌നാട്ടില്‍ നിയമപരവും രാഷ്ട്രീയപരവുമായ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window