Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം 'നയരാഹിത്യ പ്രഖ്യാപനം': പിണറായി വിജയന്‍
reporter

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം സര്‍ക്കാരിന്റെ ഭാവി ദിശ വ്യക്തമാക്കുന്ന രേഖയാകേണ്ടതായിരുന്നുവെങ്കിലും, അത് ''നയരാഹിത്യ പ്രഖ്യാപനമായി'' മാറിയെന്ന് പിണറായി ആരോപിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതിനെ തുടര്‍ന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു; നിലവില്‍ അദ്ദേഹം ധര്‍മടം മണ്ഡലത്തില്‍ നിന്നുള്ള പ്രതിപക്ഷ നേതാവാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ മൗനം പാലിച്ചതാണ് ഏറ്റവും ഗുരുതരമായ കാര്യമെന്ന് പിണറായി പറഞ്ഞു. കേരളത്തിന് അര്‍ഹമായ സാമ്പത്തിക സഹായങ്ങളും പദ്ധതികളും കേന്ദ്രത്തില്‍ നിന്ന് ചോദിച്ചുവാങ്ങേണ്ടതുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന്റെ സമഗ്ര വികസനത്തിന് വ്യക്തമായ റൂട്ട് മാപ്പോ ബ്ലൂപ്രിന്റോ നയപ്രഖ്യാപനത്തില്‍ കാണാനില്ലെന്നും പിണറായി വിമര്‍ശിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച വികസന പദ്ധതികള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നതില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു. കുടുംബശ്രീ, കിഫ്ബി തുടങ്ങിയ പ്രധാന സംവിധാനങ്ങളെക്കുറിച്ചും നയപ്രഖ്യാപനത്തില്‍ വ്യക്തമായ പരാമര്‍ശമില്ലാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയെക്കുറിച്ച് തെറ്റായ നരേറ്റീവ് സൃഷ്ടിക്കാനുള്ള ശ്രമവും നയപ്രഖ്യാപനത്തില്‍ ഉണ്ടായെന്ന് പിണറായി ആരോപിച്ചു. റിസര്‍വ് ബാങ്ക് അംഗീകരിച്ച കണക്കുകള്‍ പ്രകാരം ?5,429 കോടി ഖജനാവില്‍ നീക്കിവെച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടതെന്നും, എന്നാല്‍ ഈ വസ്തുത മറച്ചുവെച്ച് മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ നിന്നുള്ള പിന്മാറ്റവും നയപ്രഖ്യാപനത്തില്‍ കാണാമെന്ന് പിണറായി ആരോപിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള വ്യക്തമായ പദ്ധതികളില്ലെങ്കില്‍ അത് കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുമെന്ന ആശങ്ക ഉയരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്നുവെന്നും പിണറായി ആരോപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജന്‍സികളെ ബിജെപി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും, ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് തെറ്റാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അടുത്തിടെ പിണറായി വിജയന്റെ വസതികളിലും ബന്ധപ്പെട്ടവരുടെ ഇടങ്ങളിലും ഇഡി പരിശോധന നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വന്ദേമാതരവുമായി ബന്ധപ്പെട്ട ചോദ്യത്തിലും പിണറായി പ്രതികരിച്ചു. ദേശീയഗീതമായി പരിഗണിക്കുന്ന ആദ്യ രണ്ട് ഭാഗങ്ങള്‍ ആലപിച്ചാല്‍ മതിയെന്നും, വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കേണ്ട നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറോടൊപ്പം ഡിജിപി നിയമസഭാ ഫ്‌ലോറില്‍ കയറിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. അത് അറിയാതെ സംഭവിച്ചതാകാമെന്നാണ് കരുതുന്നതെന്നും, വിഷയം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window