Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമക്കേസ്
reporter

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തില്‍ 19 വയസ്സുകാരിയായ അമ്മയ്ക്കെതിരെ പൊലീസ് വധശ്രമക്കേസ് രജിസ്റ്റര്‍ ചെയ്തു. അവിവാഹിതയായ യുവതി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുഞ്ഞിനെ ഏറ്റെടുക്കാന്‍ അമ്മ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ശിശുക്ഷേമവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ആരംഭിക്കും. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറുമെന്നാണ് വിവരം. രണ്ട് മാസത്തെ പരിപാലനത്തിനുശേഷം അമ്മയ്ക്ക് മനംമാറ്റമുണ്ടായാല്‍ നിയമാനുസൃത നടപടികള്‍ക്ക് ശേഷം കുഞ്ഞിനെ വിട്ടുനല്‍കുന്ന കാര്യവും പരിഗണിക്കും. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അമ്മയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന് പാല്‍ കൊടുക്കാന്‍ പോലും അമ്മ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച രാത്രി കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് യുവതി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണോ എന്ന സംശയം ഡോക്ടര്‍മാര്‍ക്ക് തോന്നിയെങ്കിലും യുവതി അത് നിഷേധിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പുലര്‍ച്ചെയോടെ ശുചിമുറിയില്‍ കയറിയ യുവതി അവിടെവച്ച് പ്രസവിക്കുകയായിരുന്നു. പ്രസവത്തിനു ശേഷം കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി സ്വയം മുറിച്ചുമാറ്റി ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് നവജാതശിശുവിനെ കണ്ടെത്തി രക്ഷിച്ചത്. സമയോചിതമായ ഇടപെടല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ ഗര്‍ഭധാരണത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം. കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും പിന്നീട് ബന്ധം അകന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window