Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി വരുമെന്ന സൂചന; കേരളത്തിലും മാറ്റത്തിന് സാധ്യത
reporter

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ രണ്ടാഴ്ചയ്ക്കകം അഴിച്ചുപണി നടക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്നും അഞ്ചുപേര്‍ മന്ത്രിസഭയ്ക്ക് പുറത്താകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും മാറ്റപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. എന്നാല്‍ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരോ ബിജെപി ദേശീയ നേതൃത്വമോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ മാറ്റിയേക്കാമെന്ന അഭ്യൂഹവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് കുര്യന്‍ നിലവില്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാണ്. 2024 ഓഗസ്റ്റിലാണ് അദ്ദേഹം മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് രാജ്യസഭാംഗമായ സി. സദാനന്ദന്‍ മാസ്റ്ററെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്. 2025 ജൂലൈയില്‍ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത രാജ്യസഭാംഗങ്ങളിലൊരാളായി സദാനന്ദന്‍ മാസ്റ്റര്‍ എത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അനീതിക്കെതിരായ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമാണെന്നും യുവജന ശാക്തീകരണത്തോടുള്ള പ്രതിബദ്ധത പ്രശംസനീയമാണെന്നും പ്രധാനമന്ത്രി അന്ന് പറഞ്ഞിരുന്നു.

നിലവില്‍ കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനുമാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. സുരേഷ് ഗോപി തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജോര്‍ജ് കുര്യന്റെ തുടര്‍ച്ചയെക്കുറിച്ച് വ്യക്തതയില്ല. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള യുവ നേതാവ് അനൂപ് ആന്റണിയുടെ പേരും പരിഗണനയില്‍ ഉണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. ക്രൈസ്തവ സഭകളുമായുള്ള ബന്ധം അനൂപിന് അനുകൂല ഘടകമാകുമെന്ന വിലയിരുത്തലുമുണ്ട്.

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ഭാവിയും ചര്‍ച്ചയായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. നീറ്റ് യുജി വിവാദത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ഉയര്‍ന്ന അസന്തോഷം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മന്ത്രിസഭാ പുനഃസംഘടനയില്‍ യുവജന വികാരം, തെരഞ്ഞെടുപ്പ് തന്ത്രം, പ്രാദേശിക സമവാക്യങ്ങള്‍ എന്നിവ പ്രധാന പരിഗണനകളാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രം രാഷ്ട്രീയമായി നിര്‍ണായക നീക്കങ്ങള്‍ ആലോചിക്കുന്നതെന്നാണ് സൂചന. 2029 ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പായി സംഘടനയെയും സര്‍ക്കാരിനെയും പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

മന്ത്രിസഭയ്ക്ക് പുറത്താകുന്ന പ്രധാനപ്പെട്ട ഒരാള്‍ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന്റെ ചുമതല നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയുടെ ചുമതല മുതിര്‍ന്ന നേതാവിന് നല്‍കാനാണ് സാധ്യത. 2028ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനൊപ്പം ബിജെപി സംഘടനാ തലത്തിലും അഴിച്ചുപണി നടത്താന്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രഭാരിമാരെക്കുറിച്ച് ധാരണയായതായാണ് വിവരം. കേരളത്തിന്റെ ചുമതലയിലുള്ള പ്രകാശ് ജാവദേക്കര്‍ മാറിയേക്കാമെന്ന അഭ്യൂഹവും ശക്തമാണ്. വരും ദിവസങ്ങളില്‍ കേന്ദ്ര മന്ത്രിസഭയിലും ബിജെപി സംഘടനാ ഘടനയിലും നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

 
Other News in this category

 
 




 
Close Window