Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിജയിക്ക് പുതിയ രാഷ്ട്രീയ വെല്ലുവിളി? സംഗീത സ്വര്‍ണലിംഗത്തിന്റെ ബിജെപി പ്രവേശനത്തെ ചൊല്ലി അഭ്യൂഹം
reporter

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയിക്ക് പുതിയ രാഷ്ട്രീയ വെല്ലുവിളിയാകാവുന്ന തരത്തില്‍ ഭാര്യ സംഗീത സ്വര്‍ണലിംഗം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തമിഴ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് സംഗീതയുടെയോ ബിജെപിയുടെയോ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംഗീതയെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങളില്‍ അഭ്യൂഹമുണ്ട്. വിജയുമായി അടുത്ത ബന്ധമുള്ള ഒരാള്‍ എതിര്‍ രാഷ്ട്രീയ പാളയത്തിലേക്ക് നീങ്ങുകയാണെങ്കില്‍ അത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ വലിയ പ്രതിഫലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. സംഗീതയുടെ ബിജെപി പ്രവേശന സാധ്യതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ 'ഗ്രേറ്റ് ആന്ധ്ര' റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിജയിയും സംഗീതയും തമ്മില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു. വിവാഹമോചന ഹര്‍ജി നല്‍കിയതായും, കേസ് ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയില്‍ എത്തിയതായും ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാന രാഷ്ട്രീയ പരിപാടികളിലും സംഗീതയുടെയും മക്കളുടെയും അസാന്നിധ്യം അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കി. ഇതേ സമയം, നടി തൃഷയുടെ സാന്നിധ്യവും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. സംഗീത സ്വര്‍ണലിംഗം ശ്രീലങ്കന്‍ തമിഴ് വ്യവസായ കുടുംബത്തില്‍ നിന്നുള്ളയാളാണ്. ലണ്ടനില്‍ താമസിച്ചിരുന്ന അവര്‍ വിജയിയുടെ ആരാധികയായാണ് ആദ്യം അദ്ദേഹത്തെ കണ്ടുമുട്ടിയത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും 1999ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളാണ് ദമ്പതികള്‍ക്ക് ഉള്ളത്. അതേസമയം, സംഗീത ബിജെപിയില്‍ ചേരുമെന്നത് ഇപ്പോള്‍ വരെ രാഷ്ട്രീയ അഭ്യൂഹത്തിന്റെ പരിധിയിലാണ്. ഔദ്യോഗിക സ്ഥിരീകരണം വരാത്ത സാഹചര്യത്തില്‍, ഈ നീക്കം വിജയിയുടെ രാഷ്ട്രീയ ജീവിതത്തെ ബാധിക്കുമോ എന്നതാണ് തമിഴ്‌നാട് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.

 
Other News in this category

 
 




 
Close Window