ലണ്ടന്‍: ഈ ശൈത്യകാലത്ത് ഊര്‍ജബില്ലുകള്‍ വീണ്ടും ഉയരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്ന് യുകെയിലെ ഊര്‍ജവിതരണ കമ്പനികളുടെ സംഘടനയായ എനര്‍ജി യുകെ ആവശ്യപ്പെട്ടു. നിലവില്‍ നല്‍കുന്ന 150 പൗണ്ടിന്റെ വോം ഹോം ഡിസ്‌കൗണ്ട് മാത്രം കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍ പര്യാപ്തമല്ലെന്നാണ് സംഘടനയുടെ നിലപാട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉയര്‍ന്നുനില്‍ക്കുന്ന വൈദ്യുതി, ഗ്യാസ് നിരക്കുകള്‍ മൂലം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക സമ്മര്‍ദത്തിലാണെന്ന് എനര്‍ജി യുകെ ചൂണ്ടിക്കാട്ടുന്നു. കുടുംബങ്ങളുടെ വരുമാനം, ആരോഗ്യസ്ഥിതി, വീടിന്റെ ഊര്‍ജക്ഷമത, ഊര്‍ജ ഉപഭോഗം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് കൂടുതല്‍ സഹായം ലഭ്യമാക്കുന്ന പുതിയ 'സോഷ്യല്‍ ഡിസ്‌കൗണ്ട്' പദ്ധതി നടപ്പാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ എനര്‍ജി പ്രൈസ് ക്യാപ് ഓഗസ്റ്റ് 26ന് ഊര്‍ജ നിയന്ത്രണ ഏജന്‍സിയായ ഓഫ്‌ജെം പ്രഖ്യാപിക്കും. വിലപരിധി മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. കോര്‍ണ്വാള്‍ ഇന്‍സൈറ്റിന്റെ പ്രവചനമനുസരിച്ച് ഊര്‍ജബില്ലുകളില്‍ ഏകദേശം നാല് ശതമാനം വര്‍ധനയുണ്ടായേക്കും. ഇതിനിടെ, ഊര്‍ജബില്‍ കുടിശ്ശികയും റെക്കോര്‍ഡ് നിലയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്തിന്റെ അവസാനത്തോടെ വൈദ്യുതി, ഗ്യാസ് ബില്ലുകള്‍ അടയ്ക്കാനാകാതെ ഉപഭോക്താക്കള്‍ക്കുണ്ടായ ആകെ കടം 4.7 ബില്യന്‍ പൗണ്ടായി ഉയര്‍ന്നിരുന്നു. ഊര്‍ജച്ചെലവിലെ തുടര്‍ച്ചയായ വര്‍ധന നിരവധി കുടുംബങ്ങളെ കടബാധ്യതയിലേക്ക് തള്ളിവിടുന്നുവെന്ന ആശങ്കയും ശക്തമാണ്. നിലവില്‍ മീന്‍സ്-ടെസ്റ്റഡ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ശൈത്യകാലത്ത് ഒറ്റത്തവണയായി 150 പൗണ്ടിന്റെ വോം ഹോം ഡിസ്‌കൗണ്ട് ലഭിക്കുന്നു. ഏകദേശം 60 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമോ ഊര്‍ജക്ഷമത കുറഞ്ഞ വീടുകളില്‍ താമസിക്കുന്നതിനാലോ കൂടുതല്‍ വൈദ്യുതിയും ഗ്യാസും ഉപയോഗിക്കേണ്ടിവരുന്ന 25 ലക്ഷം കുടുംബങ്ങള്‍ കൂടി സഹായത്തിന് അര്‍ഹരാണെന്ന് എനര്‍ജി യുകെ പറയുന്നു.
പുതിയ സോഷ്യല്‍ ഡിസ്‌കൗണ്ട് പദ്ധതി നടപ്പാക്കാന്‍ ഏകദേശം 1.9 ബില്യന്‍ പൗണ്ട് ചെലവാകുമെന്നാണ് കണക്കാക്കുന്നത്. പദ്ധതി നിലവില്‍ വന്നാല്‍ ഏറ്റവും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ചില കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 450 പൗണ്ട് വരെ സഹായം ലഭ്യമാക്കാനാകുമെന്നും സംഘടന വിലയിരുത്തുന്നു. അതേസമയം, നിലവിലെ സഹായത്തുക വര്‍ധിപ്പിക്കുന്നതിനൊപ്പം ഊര്‍ജബില്‍ കുടിശ്ശികയുള്ള ഉപഭോക്താക്കളോട് വിതരണ കമ്പനികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയും മാനുഷികമായ സമീപനത്തോടെയും പെരുമാറണമെന്ന് നാഷനല്‍ എനര്‍ജി ആക്ഷന്‍ ആവശ്യപ്പെട്ടു. വോം ഹോം ഡിസ്‌കൗണ്ടിന് പുറമെ വൈദ്യുതി ബില്ലിലെ വാറ്റ് കുറയ്ക്കുമെന്നും ആഗോള ഊര്‍ജവിലയിലെ ഏറ്റക്കുറച്ചിലുകളില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒക്ടോബറില്‍ പ്രതീക്ഷിക്കുന്ന നിരക്കുവര്‍ധനയ്ക്ക് പിന്നാലെ എത്തുന്ന ശൈത്യകാലം ബ്രിട്ടനിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതച്ചെലവ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.