Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ബിരുദധാരികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കുത്തനെ കുറഞ്ഞു; ഒരു വര്‍ഷത്തിനിടെ ഒഴിവുകള്‍ പകുതിയായി
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ബിരുദധാരികള്‍ക്കായുള്ള തൊഴില്‍ അവസരങ്ങളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് തസ്തികകളിലെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്‍ട്രി ലെവല്‍ ജോലികളില്‍ നിര്‍മിതബുദ്ധിയുടെ (എഐ) ഉപയോഗം വര്‍ധിക്കുന്നതും ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചെലവ് ഉയരുന്നതുമാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ജൂലൈയില്‍ രാജ്യത്താകെ 8,383 ഗ്രാജുവേറ്റ് ജോലി ഒഴിവുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 15,397 ഒഴിവുകളുണ്ടായിരുന്നു. 2016ല്‍ കണക്കെടുപ്പ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2017ല്‍ 55,000ത്തിലധികം ഗ്രാജുവേറ്റ് തസ്തികകള്‍ ലഭ്യമായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ഒഴിവുകളുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നത്.

തൊഴില്‍ വിപണിയിലെ മത്സരം ശക്തമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈയില്‍ ഓരോ ഒഴിവിലേക്കും ശരാശരി 2.14 പേര്‍ വീതം അപേക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 1.93 ആയിരുന്നു. ഒഴിവുകള്‍ കുറയുന്നതിനൊപ്പം കൂടുതല്‍ ബിരുദധാരികള്‍ ഒരേ തസ്തികകള്‍ക്കായി മത്സരിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. വിവിധ തൊഴില്‍ മേഖലകളില്‍ വ്യത്യസ്ത പ്രവണതകളാണ് പ്രകടമാകുന്നത്. ആരോഗ്യസംരക്ഷണം, നഴ്‌സിങ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ് മേഖലകളില്‍ ജോലി ഒഴിവുകള്‍ കുറഞ്ഞു. അതേസമയം യാത്രാ മേഖല, അധ്യാപനം, നിര്‍മാണം എന്നിവയില്‍ അവസരങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 2026 മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലത്ത് 16 മുതല്‍ 24 വയസ്സുവരെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 16.2 ശതമാനമായിരുന്നു. വിദ്യാഭ്യാസത്തിലോ ജോലിയിലോ തൊഴില്‍പരിശീലനത്തിലോ ഇല്ലാത്ത യുവാക്കളുടെ എണ്ണം പത്ത് ലക്ഷത്തിന് മുകളിലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

യുവാക്കളുടെ തൊഴില്‍ പ്രതിസന്ധി നേരിടുന്നതിനായി 2.5 ബില്യന്‍ പൗണ്ടിന്റെ യുവതൊഴില്‍ പിന്തുണാ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഏകദേശം പത്ത് ലക്ഷം യുവാക്കള്‍ക്ക് ജോലി, വിദ്യാഭ്യാസം, തൊഴില്‍പരിശീലനം എന്നിവയ്ക്കുള്ള അവസരങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എഐ സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയും കമ്പനികളുടെ ചെലവ് നിയന്ത്രണ നടപടികളും എന്‍ട്രി ലെവല്‍ ജോലികളെ കാര്യമായി ബാധിക്കുന്ന സാഹചര്യത്തില്‍, പഠനം പൂര്‍ത്തിയാക്കി തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുന്ന ബ്രിട്ടനിലെ യുവാക്കള്‍ വരും മാസങ്ങളിലും കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന ആശങ്കയാണ് ഉയരുന്നത്.

 
Other News in this category

 
 




 
Close Window