ലണ്ടന്‍/വെയില്‍സ്: പാര്‍ക്കിങ് ഫീസ് അടയ്ക്കാന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത 61കാരന്‍ ബാങ്ക് തട്ടിപ്പിന് ഇരയായി. നോര്‍ത്ത് വെയില്‍സിലെ കെയ്നാര്‍വനില്‍ എത്തിയ ലെസ് ഹോവാര്‍ഡിനാണ് വ്യാജ പാര്‍ക്കിങ് ആപ്പിന്റെ പേരില്‍ പണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായത്. പാര്‍ക്കിങ് മീറ്ററില്‍ പതിച്ചിരുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തതോടെ ഫീസ് അടയ്ക്കുന്നതിനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം ലഭിച്ചു. ആപ്പില്‍ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടിവരുമെന്ന് മനസ്സിലായതോടെ സംശയം തോന്നിയ ഹോവാര്‍ഡ് ഉടന്‍ ആപ്പ് ഡിലീറ്റ് ചെയ്തു. എന്നാല്‍ അതിനുമുമ്പ് തട്ടിപ്പുകാര്‍ക്ക് ആവശ്യമായ ചില വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് പിന്നീട് വ്യക്തമായത്. ആദ്യം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു പൗണ്ട് പിന്‍വലിച്ചു. അടുത്ത ദിവസം വീണ്ടും 60 പൗണ്ട് പിന്‍വലിക്കാന്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ പ്രതിമാസം 60 പൗണ്ട് വീതം ഈടാക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ തട്ടിപ്പുകാര്‍ സജ്ജമാക്കിയിരുന്നതായി കണ്ടെത്തി. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ മാത്രമല്ല, റെയില്‍വേ സ്റ്റേഷനുകളിലും ഇ-മെയിലുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. വ്യാജ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്ന ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്ക് 'ക്വിഷിങ്' എന്നാണ് പേര്.
നാല് വര്‍ഷത്തിനിടെ പരാതികളില്‍ 700 ശതമാനം വര്‍ധന
ക്യുആര്‍ കോഡുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏകദേശം 700 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. കഴിഞ്ഞ 12 മാസത്തിനിടെ ക്യുആര്‍ കോഡുകളുമായി ബന്ധപ്പെട്ട 2,743 പരാതികളാണ് ലഭിച്ചത്. 2022 ഓഗസ്റ്റില്‍ അവസാനിച്ച വര്‍ഷത്തില്‍ ഇത് 341 മാത്രമായിരുന്നു. യഥാര്‍ഥ ക്യുആര്‍ കോഡിന് മുകളില്‍ വ്യാജ കോഡ് പതിക്കുകയോ വ്യാജ സന്ദേശങ്ങളിലൂടെയും ഇ-മെയിലുകളിലൂടെയും ക്യുആര്‍ കോഡുകള്‍ അയയ്ക്കുകയോ ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ പ്രധാന രീതി. ഇത് സ്‌കാന്‍ ചെയ്യുന്നവരെ വ്യാജ വെബ്‌സൈറ്റുകളിലേക്ക് എത്തിക്കുകയും വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിക്കുകയും തുടര്‍ന്ന് ബാങ്കിങ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുകയും ചെയ്യും.
ക്യുആര്‍ കോഡ് കണ്ടാല്‍ ഉടന്‍ സ്‌കാന്‍ ചെയ്യരുതെന്ന് മുന്നറിയിപ്പ്
ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിനായി പ്രത്യേകം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫോണിലെ സാധാരണ ക്യാമറ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് നിര്‍ദേശം. പാര്‍ക്കിങ് സ്ഥലങ്ങളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ക്യുആര്‍ കോഡ് കണ്ടാല്‍ അത് ഔദ്യോഗികമായി സ്ഥാപിച്ചതാണെന്ന് ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ. കോഡിന് മുകളില്‍ മറ്റൊരു സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. ക്യുആര്‍ കോഡ് തുറക്കുന്ന വെബ്‌സൈറ്റിന്റെ വിലാസം ശ്രദ്ധയോടെ പരിശോധിക്കുകയും സംശയകരമായ സൈറ്റുകളില്‍ ബാങ്ക് കാര്‍ഡ് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ നല്‍കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിശ്വാസത്തോടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിന് പകരം അതിന്റെ ആധികാരികത ആദ്യം പരിശോധിക്കണമെന്നാണ് പ്രധാന നിര്‍ദേശം. ചെറിയൊരു അശ്രദ്ധ പോലും ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടുന്നതിനും വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തുന്നതിനും കാരണമാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.