ലണ്ടന്‍: ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 165 കുടിയേറ്റക്കാരുമായി ഇംഗ്ലിഷ് ചാനല്‍ കടന്ന ഡിങ്കി ബോട്ട് ഓടിച്ചെന്ന കേസില്‍ 19കാരന്‍ കുറ്റം സമ്മതിച്ചു. ദക്ഷിണ സുഡാന്‍ സ്വദേശിയായ ചാന്‍ മത്തോക്ക് അതാക് ആണ് മറ്റുള്ളവരുടെ ജീവന് ഗുരുതര അപകടം സൃഷ്ടിക്കുന്ന തരത്തില്‍ കടല്‍യാത്ര നടത്തിയെന്ന കുറ്റം കാന്റര്‍ബറി ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചത്. ജൂലൈ 23ന് ഫ്രാന്‍സില്‍നിന്ന് ഇംഗ്ലണ്ടിലെ ഡോവറിലേക്ക് പുറപ്പെട്ട ബോട്ടിലാണ് ഏകദേശം 165 പേര്‍ ഉണ്ടായിരുന്നത്. 13 മീറ്ററോളം നീളമുള്ള ഡിങ്കി ബോട്ടില്‍ ശേഷിയിലധികം ആളുകളെ കയറ്റിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഏകദേശം ഒരു ബസിന്റെ വലുപ്പമുള്ള ബോട്ട് ഇംഗ്ലിഷ് ചാനല്‍ കടന്നെത്തുമ്പോള്‍ അതീവ അപകടകരമായ നിലയിലായിരുന്നു.
അമിതമായി ആളുകളെ കയറ്റിയതിനെ തുടര്‍ന്ന് ബോട്ടിന്റെ സുരക്ഷ ഗുരുതരമായി ബാധിച്ചിരുന്നു. അധികൃതര്‍ പിടികൂടുമ്പോള്‍ ബോട്ടില്‍നിന്ന് കാറ്റ് ചോര്‍ന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു ഡിങ്കി ബോട്ടില്‍ ഇംഗ്ലിഷ് ചാനല്‍ കടന്നെത്തിയവരുടെ എണ്ണത്തില്‍ അന്ന് ഇത് റെക്കോര്‍ഡായിരുന്നു. പിന്നീട് മറ്റൊരു ബോട്ട് ഈ റെക്കോര്‍ഡ് മറികടന്നു. കടല്‍യാത്രയ്ക്കിടെ മറ്റുള്ളവരുടെ ജീവന് ഗുരുതര അപകടം സൃഷ്ടിക്കുന്ന പ്രവൃത്തികളെ കുറ്റകരമാക്കുന്ന പുതിയ നിയമപ്രകാരമാണ് അതാക്കിനെതിരെ നടപടി സ്വീകരിച്ചത്. 2026 ജനുവരി 5ന് പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തുന്നവര്‍ക്ക് പരമാവധി അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. കുറ്റം സമ്മതിച്ച അതാക്കിന് സെപ്റ്റംബര്‍ 11ന് കാന്റര്‍ബറി ക്രൗണ്‍ കോടതി ശിക്ഷ വിധിക്കും. ഇംഗ്ലിഷ് ചാനല്‍ വഴിയുള്ള അപകടകരമായ അനധികൃത കുടിയേറ്റ യാത്രകള്‍ തടയാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമനടപടികള്‍ ശക്തമാക്കുന്നതിനിടെയാണ് കേസിലെ കുറ്റസമ്മതം.