ലണ്ടന്‍: രൂക്ഷമായ ഭവന പ്രതിസന്ധി നേരിടുന്ന ഇംഗ്ലണ്ടില്‍ അടുത്ത പത്ത് വര്‍ഷത്തിനിടെ 70,000ത്തിലധികം സാമൂഹികവും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതുമായ വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. രാജ്യത്താകെ മൂന്ന് ലക്ഷം സാമൂഹിക-അഫോര്‍ഡബിള്‍ വീടുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടുള്ള £39 ബില്യന്‍ ഭവന പദ്ധതിയുടെ ആദ്യഘട്ടമായാണ് പുതിയ പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ ഏകദേശം £10 ബില്യന്‍ ചെലവഴിച്ച് 73,600 പുതിയ വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവയില്‍ ഏകദേശം 60 ശതമാനവും വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന സോഷ്യല്‍ റെന്റ് വീടുകളായിരിക്കും. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, വെസ്റ്റ് യോര്‍ക്ക്ഷയര്‍, സൗത്ത് യോര്‍ക്ക്ഷയര്‍, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, ലിവര്‍പൂള്‍ തുടങ്ങിയ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ കൂടുതല്‍ വീടുകള്‍ നിര്‍മിക്കുക. ലണ്ടനിലെ ഭവന നിര്‍മാണത്തിനായി പ്രത്യേകമായി £6 ബില്യന്‍ അനുവദിച്ചിട്ടുണ്ട്.
ഒരു കുട്ടിയും താല്‍ക്കാലിക ഹോസ്റ്റല്‍ മുറിയില്‍ വളരേണ്ട സാഹചര്യമുണ്ടാകരുതെന്നും സ്വന്തം വീടിനായി കുടുംബങ്ങള്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നല്ല നിലവാരമുള്ള ഭവനമാണ് കുടുംബങ്ങളുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അടിസ്ഥാനമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടില്‍ നിലവില്‍ ഏകദേശം 13.4 ലക്ഷം കുടുംബങ്ങള്‍ സോഷ്യല്‍ ഹൗസിങ്ങിനായി കാത്തിരിക്കുകയാണ്. താല്‍ക്കാലിക താമസസൗകര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ എണ്ണവും റെക്കോര്‍ഡ് നിലയിലെത്തിയ സാഹചര്യത്തിലാണ് സാമൂഹിക ഭവന നിര്‍മാണത്തിന് സര്‍ക്കാര്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. 2029ഓടെ 15 ലക്ഷം പുതിയ വീടുകള്‍ നിര്‍മിക്കുമെന്ന ലക്ഷ്യം ലേബര്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലെ നിര്‍മാണ വേഗത ഈ ലക്ഷ്യം കൈവരിക്കാന്‍ മതിയാകുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2026 ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ ഇംഗ്ലണ്ടില്‍ ഏകദേശം 2.03 ലക്ഷം വീടുകളാണ് പുതുതായി നിര്‍മിക്കപ്പെട്ടത്. 15 ലക്ഷം വീടുകളുടെ ലക്ഷ്യം കൈവരിക്കാന്‍ പ്രതിവര്‍ഷം കുറഞ്ഞത് മൂന്ന് ലക്ഷം വീടുകള്‍ വീതം നിര്‍മിക്കേണ്ടിവരും.
പുതിയ ഭവന പദ്ധതിയെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സ്വാഗതം ചെയ്‌തെങ്കിലും നിലവിലെ ആവശ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രഖ്യാപിച്ച വീടുകളുടെ എണ്ണം അപര്യാപ്തമാണെന്നാണ് വിമര്‍ശനം. പ്രത്യേകിച്ച് സോഷ്യല്‍ റെന്റ് വിഭാഗത്തിലുള്ള വീടുകളുടെ എണ്ണം കൂടുതല്‍ വര്‍ധിപ്പിക്കണമെന്ന് ഭവന സംഘടനകള്‍ ആവശ്യപ്പെട്ടു. കൗണ്‍സിലുകളെ വീണ്ടും വലിയ തോതിലുള്ള ഭവന നിര്‍മാണത്തിലേക്ക് കൊണ്ടുവരിക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കൂടുതല്‍ കൗണ്‍സില്‍ വീടുകള്‍ നിര്‍മിക്കുന്നതിലൂടെ ഭവനരഹിത കുടുംബങ്ങള്‍ക്കും സോഷ്യല്‍ ഹൗസിങ്ങിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്നവര്‍ക്കും സ്ഥിരമായ താമസസൗകര്യം ഉറപ്പാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതേസമയം, പദ്ധതി പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷത്തെ സമയപരിധി നിശ്ചയിച്ചതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഭവന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സാമൂഹിക വീടുകളുടെ നിര്‍മാണം കൂടുതല്‍ വേഗത്തിലാക്കുകയും അടിയന്തരമായി കൂടുതല്‍ വീടുകള്‍ ലഭ്യമാക്കുകയും വേണമെന്നാണ് ആവശ്യം.