ലണ്ടന്‍: സ്ത്രീകളെ അവരുടെ വീടുകളുടെ ജനാലകളിലൂടെ രഹസ്യമായി ചിത്രീകരിച്ച കേസില്‍ ഇസ്ലിങ്ടണ്‍ സ്വദേശി ആന്റണി ഡര്‍ക്കന് (35) നാലുവര്‍ഷം തടവ്. ഒളിഞ്ഞുനോട്ടവുമായി ബന്ധപ്പെട്ട 26 കുറ്റങ്ങള്‍ സമ്മതിച്ച പ്രതിയെ സ്‌നെയര്‍സ്ബ്രൂക്ക് ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. രാത്രിയില്‍ കറുത്ത വസ്ത്രവും മുഖാവരണവും ധരിച്ച് വീടുകള്‍ക്കു സമീപമെത്തിയിരുന്ന ഡര്‍ക്കന്‍, ജനാലകളിലൂടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ജനുവരിയില്‍ ഒരു യുവതി നല്‍കിയ പരാതിയാണ് അന്വേഷണത്തിന് തുടക്കമായത്. വീടിനുള്ളിലേക്ക് ഫോണ്‍ ഉയര്‍ത്തി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ ഡോര്‍ബെല്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു.
ആഴ്ചകള്‍ക്കുശേഷം മറ്റൊരു യുവതിയും സമാന പരാതിയുമായി പൊലീസിനെ സമീപിച്ചു. ചിത്രീകരണത്തിനിടെ യുവതി നേരിട്ട് ചോദ്യം ചെയ്തപ്പോള്‍ ഡര്‍ക്കന്‍ ഓടിരക്ഷപ്പെട്ടു. ഈ സംഭവവും സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിരുന്നു. മാര്‍ച്ച് 26ന് സാധാരണ വേഷത്തില്‍ നിരീക്ഷണം നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാളെ പിടികൂടിയത്. ഡര്‍ക്കന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍നിന്ന് നൂറുകണക്കിന് ചിത്രങ്ങളും വിഡിയോകളും പൊലീസ് കണ്ടെത്തി. ലഭിച്ച തെളിവുകള്‍ പ്രകാരം 2020 ജനുവരി മുതലുള്ള സംഭവങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ ഇരകളെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണ്. സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള ആസൂത്രിതവും ഗുരുതരവുമായ കടന്നുകയറ്റമാണ് പ്രതി നടത്തിയതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജെമ്മ ആല്‍ജര്‍ പറഞ്ഞു.