ചേരുവകള്‍
1. കരിമീന്‍ 250 ഗ്രാം
2. തേങ്ങാപ്പാല്‍ അരഗ്ലാസ്
3. വറുത്ത അരിപ്പൊടി 50 ഗ്രാം
4. ചുവന്നുള്ളി 100 ഗ്രാം
5. വെളുത്തുള്ളി നാല് അല്ലി
6. ഇഞ്ചി ചെറിയ കഷണം
7. പച്ചമുളക് 7 എണ്ണം
8. കറിവേപ്പില ഒരു കതിര്‍പ്പ്
9. കുരുമുളകുപൊടി ഒരുനുള്ള്
10. മുളകുപൊടി ആവശ്യത്തിന്
11. മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
12. ഉപ്പ് ആവശ്യത്തിന്
13. എണ്ണ മൂന്നു ടേബിള്‍സ്പൂണ്‍.
പാചകം ചെയ്യുന്ന വിധം
തേങ്ങാപ്പാലില്‍ ആവശ്യത്തിന് ഉപ്പിട്ട് തിളപ്പിക്കുക. വറുത്ത അരിപ്പൊടി അതിലിട്ട് കട്ടപിടിക്കാത്തവിധം കുഴച്ച് ഉണ്ടകളാക്കിയെടുക്കണം.
ഇനി മീന്‍ നന്നായി കഴുകി വൃത്തിയാക്കി രണ്ടുവശവും വരഞ്ഞുവയ്ക്കുക. മഞ്ഞള്‍പ്പൊടിയും ഉപ്പും മൂന്നു പച്ചമുളക് അരച്ചതും കുരുമുളകുപൊടിയുംകൂടി കുഴച്ച് മീന്‍കഷണങ്ങളില്‍ പുരട്ടി അരമണിക്കൂര്‍ വയ്ക്കണം. നാലുമുതല്‍ എട്ടുവരെ ചേരുവകള്‍ പൊടിയായി അരിഞ്ഞ് എണ്ണയില്‍ മൂപ്പിക്കുക. മൂത്തുകഴിയുമ്പോള്‍ അല്പം മുളകുപൊടി വേണമെങ്കില്‍ ചേര്‍ക്കാം.
ഈ കൂട്ട് മീനിന്റെ ഇരുവശത്തും തേച്ചുപിടിപ്പിക്കണം. ഇനി വാട്ടിയ ഇലയില്‍ തേങ്ങാപ്പാലില്‍ കുഴച്ചുവച്ച അരി ഉരുളകള്‍ നന്നായി പരത്തണം. മീന്‍ ഇതിലേക്ക് വച്ച് അട മടക്കി അപ്പച്ചെമ്പില്‍വച്ച് പുഴുങ്ങുക. മീന്‍ അട റെഡി.