Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
അസോസിയേഷന്‍
  Add your Comment comment
വ്യത്യസ്ത കലാവിരുന്നുകളുമായി 'പിറവി' ജനുവരി 6ന്
reporter

ആഷ്ഫോര്‍ഡ് : തപ്പിന്റെയും കിന്നാരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി കഴിഞ്ഞ മൂന്നാഴ്ചക്കാലം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തകര്‍ ദിവ്യരക്ഷകന്റെ തിരുപിറവിയുടെ ദൂത് നല്‍കിയും പുതുവത്സര ആശംസകള്‍ നേര്‍ന്നും അസോസിയേഷന്‍ അംഗങ്ങളായ മുഴുവന്‍ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ച് ആഷ്ഫോര്‍ഡിലെ എല്ലാ മലയാളി ഭവനങ്ങളേയും സന്ദര്‍ശിച്ചു. കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും ശക്തമായ സഹകരണം കരോള്‍ സര്‍വീസിന് ഉണ്ടായിരുന്നുവെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. 2018 ജനുവരി 6 ശനിയാഴ്ച വൈകീട്ട് 3 മണി മുതല്‍ ആഷ്ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍ വച്ച് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഘോഷങ്ങള്‍ നടത്തപ്പെടുന്നു. ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ നൂറില്‍ പരം ആളുകളെ പങ്കെടുപ്പിച്ച് വന്‍ വിജയം വരിച്ച ഫ്ളാഷ് മൊബിന്റെയും മെഗാ തിരുവാതിരയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 50ല്‍ പരം യുവതികളെ അണിനിരത്തി ഗുജറാത്തി പരമ്പരാഗത ഫോക്ക് ഡാന്‍സായ ഡാണ്ടിയ നൃത്തത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം പ്രസിഡന്റ് സോനു സിറിയക് ഉത്ഘാടനം ചെയ്യും. മാര്‍ത്തോമ സഭയുടെ മുന്‍ മണ്ഡലാംഗവും ലണ്ടന്‍ അംഗവും പ്രശസ്ത വാഗ്മിയുമായ ഷാബു വര്‍ഗീസ് ക്രിസ്മസ് ദൂതു നല്‍കും. 5 മണിയ്ക്ക് പിറവി ആഘോഷങ്ങള്‍ക്ക് തിരശീല ഉയരും. കുട്ടികളുടെ മെഴുകുതിരി നൃത്തതോടെ തുടങ്ങും. 70 ല്‍ പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന പിറവി നൃത്ത സംഗീത ശില്‍പവും ആഷ്ഫോര്‍ഡില്‍ ആദ്യമായി ക്രിസ്ത്യന്‍ നൃത്തരൂപമായ മാര്‍ഗ്ഗംകളിയും വേദിയില്‍ അരങ്ങേറും. ക്ലാസിക്കല്‍ ഡാന്‍സ്, സ്‌കിറ്റ്, സിനിമാറ്റിക് ഡാന്‍സ് എന്നിവയാല്‍ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് അറിയിച്ചു. പിറവിയുടെ വിജയത്തിനായി എല്ലാ അംഗങ്ങളുടേയും സാന്നിധ്യ സഹകരണമുണ്ടാകണമെന്ന് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളും എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും അഭ്യര്‍ത്ഥിച്ചു.

 
Other News in this category

 
 




 
Close Window