Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
എട്ടു രൂപയ്ക്ക് കിട്ടുന്ന കുപ്പിവെള്ളം കച്ചവടക്കാര്‍ വില്‍ക്കുന്നത് 20 രൂപയ്ക്ക് : പച്ച വെള്ളം വിറ്റ് കേരളത്തില്‍ കൊടും കൊള്ള
reporter
ഒരു ലീറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍നിന്നു 12 രൂപയായി കുറയ്ക്കാനുള്ള കുപ്പിവെള്ള നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടു. സംസ്ഥാനത്തെ നൂറ്റിനാല്‍പ്പതോളം കമ്പനികളില്‍ പത്തില്‍ താഴെ കമ്പനികളുടെ വെള്ളം മാത്രമേ 12 രൂപയ്ക്കു വിപണിയിലെത്തുന്നുള്ളൂ. ചില കമ്പനികള്‍ 12 രൂപയുടെ കുപ്പിവെള്ളം തയാറാക്കിയിട്ടുണ്ടെങ്കിലും കച്ചവടക്കാര്‍ വാങ്ങാന്‍ തയാറാകുന്നില്ലെന്നാണ് ആരോപണം. എട്ടു രൂപയ്ക്കു വാങ്ങുന്ന വെള്ളമാണു കച്ചവടക്കാര്‍ ഇപ്പോഴും 20 രൂപയ്ക്കു വില്‍ക്കുന്നത്.

ഈ മാസം ഒന്നു മുതല്‍ കുപ്പിവെള്ളത്തിനു 12 രൂപയേ ഈടാക്കാവൂ എന്നു കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷനാണു തീരുമാനിച്ചത്. നൂറിലേറെ കമ്പനികള്‍ക്ക് അസോസിയേഷനില്‍ അംഗത്വമുണ്ട്. 86 പേര്‍ പങ്കെടുത്ത ജനറല്‍ ബോഡിയില്‍ 64 പേരുടെ പിന്തുണയോടെയാണു തീരുമാനം പാസ്സായത്. പക്ഷേ, ഇപ്പോഴും സംസ്ഥാനത്തെ ഭൂരിഭാഗം കടകളിലും 20 രൂപയ്ക്കു തന്നെയാണു കുപ്പിവെള്ളം വില്‍ക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ 15 രൂപയ്ക്കും.

12 രൂപ വില രേഖപ്പെടുത്തിയ കുപ്പിവെള്ളം വാങ്ങാന്‍ കച്ചവടക്കാര്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് അസോസിയേഷന്‍ അംഗവും മാക്‌സ്‌വെല്‍, വാള്‍മോറ എന്നീ കുപ്പിവെള്ള കമ്പനികളുടെ ഉടമയുമായ താജുദ്ദീന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണിലെ ഒട്ടുമിക്ക കടകളിലും തങ്ങള്‍ 12 രൂപയുടെ വെള്ളവുമായി പോയെങ്കിലും വിരലിലെണ്ണാവുന്ന കടക്കാര്‍ മാത്രമാണു വാങ്ങാന്‍ തയാറായത്. 20 രൂപയുടെ വെള്ളത്തിന് ഒരു കുപ്പിയില്‍ 12 രൂപ ലാഭം കിട്ടുമ്പോള്‍, 12 രൂപയ്ക്കു വിറ്റാല്‍ നാലു രൂപ മാത്രമാണു ലാഭം. ആശുപത്രികളുടെ പരിസരത്തെ കടകളില്‍ പോലും 12ന്റെ വെള്ളം എടുക്കാന്‍ വ്യാപാരികള്‍ തയാറായില്ല. മാത്രമല്ല, വിലകുറച്ചു വിറ്റാല്‍ നിലവാരം കുറഞ്ഞ വെള്ളമെന്നു കരുതി ആളുകള്‍ വാങ്ങാന്‍ മടിക്കുമെന്നും ചില വ്യാപാരികള്‍ പറയുന്നു.
 
Other News in this category

 
 




 
Close Window