|
രണ്ട് പതിറ്റാണ്ടുകാലം നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) അന്തിമതീരുമാനമായി. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കരാറുകളുടെയെല്ലാം 'മാതാവ്' എന്നാണ് ഈ ഉടമ്പടിയെ പരക്കെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ രണ്ട് വന്‍കിട ശക്തികള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ ഈ കരാര്‍ പുനര്‍നിര്‍മ്മിച്ചേക്കും.
കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ നിര്‍മ്മിത കാറുകളുടെ തീരുവ ഏകദേശം 40 ശതമാനത്തിലേക്ക് കുറയാന്‍ സാധ്യതയുണ്ട്. ഇത് ഫോക്സ് വാഗണ്‍, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്‍സ്, റെനോ തുടങ്ങിയ യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയുടെ അതിവേഗത്തില്‍ വളരുന്ന കാര്‍ വിപണിയില്‍ വിശാലമായ അവസരങ്ങള്‍ നല്‍കും.
ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ജപ്പാനീസ് കമ്പനിയായ മാരുതി സുസുക്കി എന്നിവയുടെ വിപണി സംരക്ഷിക്കുന്നതിനൊപ്പം ഉദാരവത്കരണത്തെ സന്തുലിതമാക്കുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി. |