Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കേന്ദ്രം കനിയുന്നില്ല: 4 ജി സ്പെക്ട്രം ബിഎസ്എന്‍എല്ലിന് കിട്ടാക്കനി
Reporter

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ ന് ഇനിയും 4 ജി സ്പെക്ട്രം സൗകര്യം അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍. ഉടനെ എന്ന് ആവര്‍ത്തിച്ച് ടെലികോം മന്ത്രാലയം സ്ഥാപനത്തെയും ഉപഭോക്താക്കളെയും പറ്റിക്കുന്നതല്ലാതെ നടപടികളിലേക്കു നീങ്ങുന്നില്ല.

സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ടെലികോം രംഗത്ത് വന്‍ കുതിപ്പുനടത്തുമ്പോള്‍ ബിഎസ്എന്‍എല്‍ന്റെ നിലവിലുള്ള വരിക്കാരെ പരിഹസിക്കുകയും പുതുതായി വരിക്കാരാകാന്‍ ഒരുങ്ങുന്നവരുടെ വഴി അടയ്ക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവര്‍ത്തിക്കുന്ന പ്രഖ്യാപനങ്ങള്‍, സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്കു സഹായകമാകും വിധം മന:പൂര്‍വമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ മൊബൈല്‍ കമ്പനികള്‍ 5 ജി സൗകര്യത്തിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍.

രാജ്യത്താദ്യമായി കഴിഞ്ഞ വര്‍ഷം ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ 3ജി സ്പെക്ട്രത്തിന്റെ സൗകര്യമുപയോഗിച്ച് 4 ജിബി എസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു.കഴിഞ്ഞ ഡിസംബറോടെ ഈ സൗകര്യം കേരളത്തിലെ എല്ലാ ജില്ലകളിലും പ്രാബല്യത്തില്‍ വരും എന്നായിരുന്നു പ്രഖ്യാപനം. അപ്പോഴും, ടവറുകള്‍ 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളൊന്നും കേരളത്തില്‍ നടക്കുകയുണ്ടായില്ല.എന്നാല്‍ കോര്‍നെറ്റ് വര്‍ക്ക് അടക്കം ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും സ്പെക്ട്രം എത്തേണ്ട കാലതാമസം മാത്രമേയുള്ളുവെന്നുമായിരുന്നു അധികൃതരുടെ നിലപാട്. 4 ജി സിംകാര്‍ഡുകള്‍ക്കായി ബിഎസ്എന്‍എല്‍ ഓഫീസുകളിലെത്തിയവരുടെ നേരെ ഉദ്യോഗസ്ഥര്‍ നിസ്സഹായതോടെ കൈ മലര്‍ത്തിക്കാട്ടി. അതും കഴിഞ്ഞ് ഈ വര്‍ഷം മാര്‍ച്ചില്‍ 4 ജി പുറത്തിറക്കും എന്നായി വാഗ്ദാനം.മാര്‍ച്ചും കഴിഞ്ഞ് സെപ്റ്റംബറിലെത്തിയപ്പോള്‍, ഒക്ടോബറില്‍ സ്പെക്ട്രം ലഭ്യമാക്കാമെന്ന ഉറപ്പ് ടെലികോം മന്ത്രാലയത്തില്‍ നിന്നു കിട്ടിയിട്ടുണ്ട് എന്നായി. ഡൗണ്‍ ലിങ്കിന് 2010- 2170 മെഗാഹെര്‍ട്സിനിടയിലുള്ള ബാന്റും അപ്ലിങ്കിന് 1920-1980 മെഗാഹെര്‍ട്സിനിടയിലുള്ള ബാന്റുമാകും ലഭ്യമാക്കുക എന്നും ഒക്ടോബറില്‍ അവ കിട്ടിയാല്‍ അടുത്ത മാര്‍ച്ച് അവസാനത്തോടെ രാജ്യത്തൊട്ടാകെ ബിഎസ്എന്‍എല്‍ 4 ജി വ്യാപിപ്പിക്കാനാകും എന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇടുക്കിയില്‍ നിലവിലുള്ള ആറു ടവറുകള്‍ക്കു പുറമെ, തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളിലായി 118 ടവറുകളില്‍ കൂടി 4ജി സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ഈയിടെ അധികൃതര്‍ അറിയിച്ചത്.കൂടാതെ, പുതിയ 150 ടവറുകള്‍ക്കായുള്ള ഉപകരണങ്ങള്‍ എത്തിക്കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ എവിടെയൊക്കെ 4ജി ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം ഇതുവരെ ലഭിച്ചിട്ടില്ലത്രേ! സ്പെക്ട്രം അനുമതി വൈകിപ്പിക്കുന്നതിനു പിന്നില്‍ വലിയ കള്ളക്കളി നടക്കുന്നതായി ജീവനക്കാരും ചൂണ്ടിക്കാണിക്കുന്നു.ബി എസ് എന്‍ എല്‍ ടവറുകള്‍ പലതും സ്വകാര്യ സ്ഥാപനങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലുമാണ്. സ്വകാര്യവത്കരണത്തിനായി കേന്ദ്ര സര്‍ക്കാരും നീതി ആയോഗും കണ്ണുവച്ചിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ബി എസ് എന്‍ എല്‍.സ്ഥാപനത്തിന്റെ വളര്‍ച്ച മുരടിപ്പിക്കാനും സ്വകാര്യ കമ്പനികള്‍ക്ക് ഒത്താശ ചെയ്യാനും കേന്ദ്രം ചരടുവലിക്കുമ്പോള്‍, വരിക്കാര്‍ ബി എസ് എന്‍ എല്‍ നെ കൈവിടുകയും ഇതര കമ്പനികളിലേക്കു മാറുകയും ചെയ്യുന്ന സ്ഥിതി കൂടിവരുകയാണ്. ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ജൂലൈയില്‍ പുറത്തുവിട്ട കണക്കുകള്‍ ഇതു വ്യക്തമാക്കുന്നുണ്ട്. 29.81 ശതമാനം വിപണി വിഹിതവുമായി ഭാരതി എയര്‍ടെല്‍ ഒന്നാം സ്ഥാനത്തും 19.62 ശതമാനവുമായി റിലയന്‍സ് ജിയോ രണ്ടാം സ്ഥാനത്തുമാണ്. വൊഡഫോണിനു 19.30 ശതമാനവും ഐഡിയയ്ക്കു് 19.07 ശതമാനവുമാണ് വിപണി വിഹിതം. ജൂലൈയില്‍ 1.17 കോടി പുതിയ വരിക്കാരാണ് ജിയോയില്‍ ചേര്‍ന്നത്. ബിഎസ്എന്‍എല്‍ ന്റെ നില തീര്‍ത്തും പരിതാപകരമാണ്.

 
Other News in this category

 
 




 
Close Window