Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ആദില്‍ ഇബ്രാഹിം കൊച്ചിയില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പേര് ലിക്കര്‍ ഷോപ്പ്
Reporter
രുചിയുടെ നവലോകം തുറന്ന്, നാവിലെ രസമുകുളങ്ങളെ ആനന്ദത്തിലാറാടിക്കുന്ന വിവിധ തരം ഐസ്‌ക്രീമുകളുമായി എത്തുകയാണ് യുവനടന്മാരില്‍ ശ്രദ്ധേയനായ ആദില്‍ ഇബ്രാഹിം. കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ ആരംഭിച്ച ഐസ്‌ക്രീം കേന്ദ്രത്തിന് ലിക്കര്‍ഷോപ്പെന്നാണ് ആദില്‍ പേരിട്ടിരിക്കുന്നത്. പേര് കിടുവാണെങ്കിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന ലിക്കര്‍ ഇവിടെ ലഭ്യമാകില്ല. മറിച്ച്, വ്യത്യസ്ത രുചിമേളങ്ങള്‍ സമന്വയിക്കുന്ന പാന്‍ റോള്‍ഡ് ഐസ്‌ക്രീമുകളുടെ ഒരു നിര തന്നെയാണ് ലിക്കര്‍ ഷോപ്പ് ഒരുക്കുന്നത്. അതിനായി ഡെസേര്‍ട്ട് ബാറും ഇവിടെ സജ്ജമാണ്.

സാധാരണ എല്ലാ ഐസ്‌ക്രീമുകള്‍ക്കും മധുരമാണെങ്കില്‍ ലിക്കര്‍ ഷോപ്പ് എരിവും അല്പം ഉപ്പും കലര്‍ന്ന രുചിയുടെ വൈവിധ്യം തുറക്കുന്നുവെന്നതാണ് എടുത്തുപറയത്തക്ക പ്രത്യേകത. മാത്രവുമല്ല, എല്ലാ മാസവും ഒന്നാം തിയതി ഇവിടത്തെ ഷെഫ് ഒരുക്കുന്ന സ്‌പെഷ്യല്‍ ഐസ്‌ക്രീമുകളും നുണയാന്‍ കഴിയും.

വിവിധ രാജ്യങ്ങളിലെ വിവിധ തരം ഐസ്‌ക്രീമുകള്‍ കേരളത്തില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആദിലും സുഹൃത്തായ കോഴിക്കോട് സ്വദേശി സിബിനും ഇത്തരം ഒരു സംരംഭത്തിന് കൊച്ചിയില്‍ തുടക്കം കുറിച്ചത്. പാന്‍ റോള്‍ഡ് ഐസ്‌ക്രീം ഷോപ്പുകള്‍ നിരവധിയുണ്ടെങ്കിലും എല്ലാത്തിലും പ്രൊസസ്ഡ് ഫ്‌ളേവറുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍, അതില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതിദത്ത ഫ്‌ളേവറുകള്‍ ഉപയോഗിക്കുന്നുവെന്നതാണ് ലിക്കര്‍ ഷോപ്പിന്റെ പ്രധാന സവിശേഷത. ഐസ്‌ക്രീമുകളിലെ കേമന്മാരായ വാനില, സ്ട്രാബെറി എന്നിവയുടെ ഒറിജിനല്‍ രസം ലിക്കര്‍ ഷോപ്പ് പകരുന്നു. ഇതിനു പുറമെ, വൈവിധ്യമാര്‍ന്ന മില്‍ക്ക് ഷേക്കുകളുടെ ഒരു കലവറ കൂടിയാണ് ആദിലിന്റെ ഈ പുതിയ സംരംഭം. 120 രൂപ മുതല്‍ 210 രൂപ വരെയാണ് ലിക്കര്‍ ഷോപ്പിന്റെ പ്രൈസ് റേഞ്ച്. പനമ്പിള്ളി നഗറിലെ പ്രധാന റോഡിലാണ് ഈ ഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

ഒരു വര്‍ഷത്തിലേറെ നടത്തിയ മാര്‍ക്കറ്റ് റിസര്‍ച്ചിന്റെ അടിസ്ഥാനത്തിലാണ് ഇതിനു തുടക്കം കുറിച്ചതെന്ന് ആദില്‍ ഇബ്രാഹിം പറഞ്ഞു. മിനി പാന്‍ കേക്കുകളും അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ബ്രാന്‍ഡ് വികസിപ്പിക്കുക എന്നതും ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യമാണ്.
 
Other News in this category

 
 




 
Close Window