Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
UK Special
  Add your Comment comment
സ്‌കില്‍ഡ് വര്‍ക്ക് വിസയ്ക്കുള്ള വേതനപരിധി 4000 പൗണ്ടിലധികം കുറയ്ക്കാന്‍ നിര്‍ദ്ദേശം; മലയാളി നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും
Reporter

ലണ്ടന്‍: മലയാളി നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പടെയുള്ള സ്‌കില്‍ഡ് വിസ റൂട്ടിലൂടെ യുകെ ജോലി സ്വപ്നം കാണുന്നവര്‍ക്കും യുകെയില്‍ കൂടുതല്‍ തൊഴിലവസരത്തിനുള്ള വഴിതെളിയുന്നു. യുകെ ജോലി ലഭിക്കുവാനുള്ള പ്രധാന തടസ്സങ്ങളില്‍ ഒന്നായിരുന്ന വേതനപരിധി നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരിന്റെ ഉപദേശക സമിതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ഈ അവസരം ലഭ്യമാകുക. സ്‌കില്‍ഡ് വിസ റൂട്ടിലൂടെ ജോലിതേടുന്ന കുടിയേറ്റക്കാരുടെ ശമ്പള പരിധി സര്‍ക്കാര്‍ 4,000 പൗണ്ടില്‍ കൂടുതല്‍ കുറയ്ക്കണമെന്നാണ് മൈഗ്രേഷന്‍ അഡ്‌വൈസറി കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളത്. സര്‍ക്കാരിന്റെ കുടിയേറ്റ നിയമങ്ങള്‍ രൂപപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളാണ് മൈഗ്രേഷന്‍ അഡ്‌വൈസറി കമ്മിറ്റി നല്‍കുക. യൂറോപ്യന്‍ യൂണിയന്‍ പുറത്തുനിന്നുള്ള വിദഗ്ദ്ധരായ കുടിയേറ്റക്കാര്‍ക്ക് കുറഞ്ഞത് 30,000 പൗണ്ട് ശമ്പളത്തോടുകൂടിയ തൊഴില്‍ ഓഫര്‍ ലഭിച്ചെങ്കില്‍ മാത്രമേ നിലവില്‍ വിസ അനുവദിക്കൂ.

എന്നാല്‍ ആവശ്യത്തിന് അധ്യാപകരേയും നഴ്‌സുമാര്‍ അടക്കമുള്ള വിദഗ്ദ്ധരായ എന്‍എച്ച്എസ് സ്റ്റാഫുകളേയും റിക്രൂട്ട് ചെയ്യാന്‍ സഹായിക്കുന്നതിന് സ്‌കില്‍ഡ് വിസ റൂട്ടിലെ എല്ലാ തസ്തികകളിലും വേതനപരിധി 25,600 പൗണ്ടാക്കി കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ മൈഗ്രേഷന്‍ അഡ്‌വൈസറി കമ്മിറ്റി (എംഎ.സി) സര്‍ക്കാരിനു നല്‍കിയിട്ടുള്ളത്. വേതനപരിധി 25,600 പൗണ്ടാക്കി കുറച്ചാല്‍, ഇപ്പോള്‍ വിസ നിഷേധിക്കപ്പെട്ടിട്ടുള്ള നിരവധി ജൂനിയര്‍ നഴ്‌സുമാര്‍ക്കും അവസരം ലഭിക്കും. അതുപോലെ സ്വകാര്യമേഖലയില്‍ ഉള്‍പ്പടെ അദ്ധ്യാപകര്‍ക്ക് തൊഴില്‍ വിസകള്‍ ലഭിക്കാനും ഈ കുറവ് പ്രയോജനകരമാകും. അതുപോല്‍ പുതിയ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷന്‍ സംവിധാനത്തിനുള്ള ബോറിസ് ജോണ്‍സന്റെ നിര്‍ദ്ദേശത്തെ സമിതിയുടെ ചെയര്‍ ഉചിതമായ തീരുമാനം എന്നനിലയില്‍ സ്വാഗതം ചെയ്തു.

നിലവില്‍ ഓസ്‌ട്രേലിയയില്‍ കുടിയേറ്റം അനുവദിക്കുന്നതിനായ് ഉപയോഗിക്കുന്ന പോയിന്റ് ബേസ്ഡ് സിസ്റ്റം 2021 ഓടെ യുകെയിലും നടപ്പിലാക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മീറ്റിങ്ങിനിടെ ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചിരുന്നു. മൈഗ്രേഷന്‍ അഡ്‌വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുമെന്ന് ഇതേക്കുറിച്ച് പ്രതികരിക്കവേ, ആഭ്യന്തരമന്ത്രി പ്രീതി പട്ടേല്‍ പറഞ്ഞു. എന്നിരുന്നാലും ഇതൊരു നിര്‍ദ്ദേശം മാത്രമാണെന്ന കാര്യവും പ്രീതി ഓര്‍മ്മപ്പെടുത്തി. സാധാരണഗതിയില്‍ മൈഗ്രേഷന്‍ അഡ്‌വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശം കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്യാറുള്ളത്. അതിനാല്‍ കീഴ്‌വഴക്കങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ പുതിയ വേതനപരിധി നിയമം അധികം വൈകാതെ നടപ്പിലാകും.

 
Other News in this category

 
 




 
Close Window