|
അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മാണത്തിനായി നടന്ന ഭൂമി പൂജയെ പിന്തുണച്ച് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും സംബന്ധിച്ച് ചരിത്രപരമായ ദിനമാണിതെന്ന് കനേരിയ ട്വീറ്റ് ചെയ്തു. അയോധ്യാ രാമ ക്ഷേത്ര ശിലാസ്ഥാപനത്തെ പിന്തുണച്ച് രണ്ട് ട്വീറ്റുകളാണ് കനേരിയ ഇട്ടിട്ടുള്ളത്.
'ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ അരാധനാ മൂര്‍ത്തിയാണ്.' ഒരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. 'ഭഗവാന്‍ ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, വ്യക്തിത്വത്തിലാണ്. തിന്മയ്ക്കുമേലുള്ള സത്യത്തിന്റെ വിജയത്തിന്റെ പ്രതീകമാണ് അദ്ദേഹം. ഇന്ന് ലോകമെമ്പാടും സന്തോഷത്തിന്റെ ഒരു തരംഗമുണ്ട്. ഇത് മഹത്തായ സംതൃപ്തി തരുന്ന നിമിഷമാണ്.' ജയ് ശ്രീരാം എന്ന ഹാഷ്ടാഗിനൊപ്പം കനേരിയ രണ്ടാം ട്വീറ്റില്‍ കുറിച്ചു.
താന്‍ ഹിന്ദുവായതിന്റെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് അവഗണന നേരിട്ടുണ്ടെന്നും എന്നാല്‍ ഹിന്ദുവായതില്‍ താന്‍ ഏറെ അഭിമാനിക്കുന്നെന്നും അടുത്തിടെ കനേരിയ പറഞ്ഞിരുന്നു. വാതുവെയ്പ്പിന്റെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടുന്ന താരമാണ് കനേരിയ. |