Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ അഡ്ഹോക്ക് പാസ്റ്ററല്‍ കൗണ്‍സില്‍ നിലവില്‍ വന്നു
Reporter
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായി നാല് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ രൂപതയിലെ വൈദികരെയും, സന്യസ്തരെയും, അല്മായ പ്രതിനിധികളെയും ഉള്‍പ്പെടുത്തികൊണ്ടു നൂറ്റി അറുപത്തി ഒന്ന് പ്രതിനിധികള്‍ ഉള്‍പ്പെട്ട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ രൂപീകൃതമായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചു കൊണ്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പ്രഥമ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ വച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് അഡ്ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ നിലവില്‍ വന്നതായുള്ള പ്രഖ്യാപനം നടത്തിയത്. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരുന്നു . പ്രഥമ അഡ്ഹോക്ക് കമ്മറ്റിയുടെ സെക്രെട്ടറിയായി ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ഇടവക അംഗം റോമില്‍സ് മാത്യുവിനേയും, ജോയിന്റ് സെക്രെട്ടറിയായി മിഡില്‍സ് ബറോ സെന്റ് എലിസബത്ത് മിഷനില്‍ നിന്നുള്ള ജോളി മാത്യുവിനേയും നിയമിച്ചു.

സഭയെ കെട്ടിപ്പടുക്കുക എന്ന ദൗത്യമാണ് ഓരോ അല്മയന്റെയും ധര്‍മ്മം. തീര്‍ഥാടകയായ സഭയുടെ ആ ദൗത്യത്തില്‍ സഭാ ഗാത്രത്തോട് ചേര്‍ന്ന് നിന്ന് ദൃശ്യവും സ്പര്‍ശ്യവുമായ രീതിയില്‍ ഓരോരുത്തരും ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മാതൃകകളാകുക എന്നതാണ് ഓരോ അല്മായന്റെയും ദൗത്യവും കടമയുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തിലും, വിശ്വാസാചാരാനുഷ്ഠാനങ്ങളിലും, പാരമ്പര്യങ്ങളിലും ഉള്ള അന്യാദൃശ്യമായ സൗന്ദര്യം മനസിലാക്കി വരും തലമുറകളിലേക്ക് അത് കൈമാറി നല്‍കുവാനും അതിലൂടെ സഭയെ കെട്ടിപ്പടുക്കുവാനും ഉള്ള വലിയ വിളി ഏറ്റെടുത്തു നടപ്പിലാക്കുക എന്നത് ഓരോ അല്മായന്റെയും കടമയും ഉത്തരവാദിത്വവും ആണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സീറോ മലബാര്‍ സഭ അംഗങ്ങള്‍ എന്ന നിലയില്‍ ആഗോള സഭയെ ശക്തിപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്വം ആണ് യു കെ യുടെ പ്രത്യേക സാഹചര്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിശ്വാസത്തില്‍ ഉള്ള ഉറപ്പും പ്രത്യാശ നിറഞ്ഞ ജീവിതവും സഭാ ആധ്യാത്മികതയില്‍ ഉള്ള ആഴപ്പെടലും വഴി പരസ്പര സ്നേഹത്തില്‍ രൂപതയേയും സഭയെയും കെട്ടിപ്പടുക്കാനും അതുവഴി നവ സുവിശേഷ വല്‍ക്കരണത്തിന്റെ വക്താക്കള്‍ ആകാനും പുതിയ പാസ്റ്ററല്‍ കൗണ്‍സിലിന് കഴിയട്ടെ എന്നും പിതാവ് പറഞ്ഞു.

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ചാന്‍സിലര്‍ റെവ.ഡോ. മാത്യു പിണക്കാട്ട് പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു. വികാരി ജനറാള്‍മാരായ ഫാ. ജോര്‍ജ് ചേലക്കല്‍, ഫാ. ജിനോ അരീക്കാട്ട്, ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുര, വൈസ് ചാന്‍സിലര്‍ ഫാ. ഫാന്‍സ്വാ പത്തില്‍, റോമില്‍സ് മാത്യു , ജോളീ മാത്യു തുടങ്ങിയവര്‍ സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
 
Other News in this category

 
 




 
Close Window