Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
മതം
  Add your Comment comment
മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവ കാലം ചെയ്തു.
Reporter
എഴുപത്തഞ്ച് വയസ്സായിരുന്നു. പരുമലയിലെ സ്വകാര്യ ആശൂപത്രിയില്‍ പുലര്‍ച്ചെ 2.35 ന് ആയിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഇതിനിടെ മാസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വന്നതോടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായി. 2019 നവംബറില്‍ ആണ് അദ്ദേഹത്തിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഏതാണ്ട് പൂര്‍ണമായും ആശുപത്രി വാസത്തില്‍ ആയിരുന്നു അദ്ദേഹം. കോവിഡ് വന്നതിനുശേഷം ന്യൂമോണിയ ബാധിച്ചതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.


ഇതോടെ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്ന് നിര്‍ത്തേണ്ടിവന്നു. കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന 91-ാ മത്തെ കാതോലിക്കാ ബാവയാണ് ബസേലിയോസ് മര്‍ത്തോമ പൗലോസ് ദ്വിദിയന്‍ കാതോലിക്ക ബാവ.

1946-ഓഗസ്റ്റ് 30-ന് തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂര് കെ.എ. ഐപ്പിന്റെയും കുഞ്ഞിട്ടിയുടെയും രണ്ടാമത്തെ മകനായാണ് അദ്ദേഹം ജനിച്ചത്. കെ.ഐ. പോള്‍ എന്നായിരുന്നു ആദ്യകാല നാമം. 12- ാം വയസ്സില് അള്‍ത്താര ശുശ്രൂഷകനായി വിശുദ്ധ ജീവിതം തുടങ്ങി.

1973 മെയ് 31- ന് ശെമ്മാശ പട്ടം നേടി. 1973 ജൂണ് രണ്ടിന് വൈദീക പട്ടം സ്വീകരിച്ചു. 1983 മേയ് 14 ന് റമ്പാന് പട്ടം സ്വീകരിച്ചു. പരുമല തിരുമേനിക്കും പുത്തന്‍കാവ് തിരുമേനിക്കും ശേഷം മലങ്കരസഭയില്‍ 40-വയസ്സിനുള്ളില്‍ മെത്രാപോലീത്തയായി ഉയര്‍ത്തപ്പെടുന്ന വ്യക്തിയാണദ്ദേഹം. 1985 ലാണ് അദ്ദേഹം എപ്പിസ്‌കോപ്പ ആയത്.

1985 മെയ് 15-ന് 36-മാത്തെ വയസ്സില്‍ ചെങ്ങന്നൂര് പുത്തന്‍കാവ് സെന്റ് മേരീസ് പള്ളിയില് വെച്ച് പൗലോസ് മാര് മിലിത്തിയോസ് എന്ന പേരിലാണ് മെത്രാപോലീത്തയായി ഉയര്‍ത്തപ്പെട്ടത്. അതേ വര്‍ഷം ഓഗസ്റ്റ് ഒന്നിന് പുതിയതായി രൂപവത്കരിച്ച കുന്നംകുളം ഭദ്രാസനത്തിന്റ പ്രഥമ മെത്രാപ്പോലീത്തയായി. 2006 ഒക്ടോബര് 12-ന് പരുമലയില്‍ ചേര്‍ന്ന മലങ്കര അസോസ്സിയേഷന് മാര്‍ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു.

2010 -ല്‍ ദിദിമോസ് ബാവ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് പരുമല പള്ളിയില്‍ വെച്ച് മാര്‍ മിലിത്തിയോസിനെ പൗലോസ് ദ്വീതിയന് കാതോലിക്കാ ബാവയായി അഭിഷേകം ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിയുക്ത ബാവയെ തെരഞ്ഞെടുക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. വരുന്ന ഒക്ടോബറില്‍ പുതിയ ബാവയെ തീരുമാനിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ യോഗം വിളിച്ചിട്ടുണ്ട്. അതിനു മുന്നേ തന്നെ കാതോലിക്കാബാവ വിട വാങ്ങുകയായിരുന്നു.

ഓര്‍ത്തഡോക്‌സ് സഭയില്‍ ഏറെ സംഭാവന നല്‍കിയ കാതോലിക്കബാവ കൂടിയാണ് ഓര്‍മയാവുന്നത്. സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി കോടതി വിധി സമ്പാദിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ സ്വീകരിച്ചത്. സഭാതര്‍ക്കത്തില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും അദ്ദേഹം ശ്രമം നടത്തി.
 
Other News in this category

 
 




 
Close Window