Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം പൂര്‍ത്തിയായി
reporter

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം പൂര്‍ത്തിയായി. ജൂലൈ മാസത്തെ ബാക്കിയും ആഗസ്റ്റ് മാസത്തെ ശമ്പളവും നല്‍കി 25,268 ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിച്ചത്. ശമ്പള വിതരണത്തിന് 100 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിന് മുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കുടിശ്ശിക കൊടുത്തുതീര്‍ക്കാനും മറ്റ് ആശങ്കകള്‍ പരിഹരിക്കാനും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. യോഗത്തിന് പിന്നാലെ എല്ലാ മാസവും 5 ആം തീയതിക്കുള്ളില്‍ ശമ്പളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മാനേജ്മെന്റിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ, ഇപ്പോള്‍ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുള്ള ദിവസ വേതനക്കാര്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കും.

മെക്കാനിക്കല്‍ ജീവനക്കാര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ തുടങ്ങിയവരെ പുനര്‍ വിന്യസിക്കും.ഇത് പൂര്‍ത്തീകരിക്കുന്ന മുറക്ക് താത്കാലിക മെക്കാനിക്കല്‍ ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവര്‍ക്കുള്ള ബാറ്റ, ഇന്‍സെന്റീവ് തുടങ്ങിയവ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അതാത് ദിവസം നല്‍കും. ഇതിനായി എല്ലാ യൂണിറ്റുകളിലും അധികാരികളുടെ പേരില്‍ അക്കൗണ്ട് ആരംഭിക്കും. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും. റൊട്ടേഷന്‍ വ്യവസ്ഥയില്‍ സോണല്‍ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുക. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉപദേശകസമിതി രൂപീകരിക്കും. സോണല്‍ ഓഫീസ് മേധാവിമാരായി കഴിവുറ്റ ഉദ്യോഗസ്ഥരെ നിയമിക്കും. മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പുകളില്‍ പുതുക്കിയ വര്‍ക്ക് നോം ഘട്ടം ഘട്ടമായി നടപ്പിലാക്കും. കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ യൂണിയന്‍ പ്രതിനിധികള്‍ സ്വാഗതം ചെയ്തു.

 
Other News in this category

 
 




 
Close Window