Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വൈദ്യുതി ഉപയോഗം പരിധിക്ക് അപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലയ്ക്കും
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനേയും ഉഷ്ണക്കാറ്റിനേയും തുടര്‍ന്ന് വൈദ്യുതി മേഖലയ്ക്കുണ്ടാകുന്ന തടസ്സം പരിഹരിക്കുന്നതിനും സ്ഥിതിഗതികള്‍ സംസ്ഥാനമൊട്ടാകെ ഏകോപിപ്പിക്കുന്നതിനും കെഎസ്ഇബി പ്രത്യേകം കണ്‍ട്രോള്‍ റൂം സംവിധാനം ഏര്‍പ്പെടുത്തി. ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം, വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം തുടങ്ങി നിരവധി കാര്യങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യമാക്കിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കണ്‍ട്രോള്‍ റൂം സംവിധാനം.

പീക്ക് സമയത്ത് വൈദ്യുതി മേഖലയിലെ പ്രസരണ- വിതരണ സംവിധാനം ഒരു പരിധിവരെ പിടിച്ചു നിര്‍ത്തുക എന്നത് ലക്ഷ്യമാക്കിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. പ്രസരണം, വിതരണം, ലോഡ് ഡെസ്പാച്ച് സെന്റര്‍ എന്നീ മേഖലകളിലെ ഉദ്യോഗസ്ഥന്‍മാരാണ് കണ്‍ട്രോള്‍ റൂമിലുള്ളത്. അവശ്യസന്ദര്‍ഭങ്ങളില്‍ തത്സമയം വേണ്ട തീരുമാനമെടുക്കുവാന്‍ കണ്‍ട്രോള്‍ റൂമിന് സാധിക്കുന്നതാണ്. വിവിധ പ്രദേശങ്ങള്‍ വൈദ്യുതിയുടെ ലോഡ് മാനേജ്മെന്റ് നടത്തുന്നതിനും ഓരോ ദിവസത്തെ ലോഡ് വിലയിരുത്തുന്നതിനും കണ്‍ട്രോള്‍ റൂമിന് സാധിക്കും. അനിതര സാധാരണമായ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാകുന്നതുവരെ കണ്‍ട്രോള്‍ റൂം സംവിധാനം തുടരുന്നതായിരിക്കും.

അതിനിടെ വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് നാടാകെ ഇരുട്ടിലാകുമെന്ന് കെഎസ്ഇബി അറിയിച്ചു. അമിതമായ ഉപയോഗം നിമിത്തം പലയിടത്തും ട്രാന്‍സ്ഫോര്‍മറുകള്‍ കത്തിപ്പോകുകയാണ്. ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് ഓട്ടോമേറ്റഡ് ഡിമാന്റ് മാനേജ്മെന്റ് സിസ്റ്റം (എഡിഎംഎസ്) സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രിഡിലെ ഉപയോഗം നിശ്ചിത പരിധി കഴിഞ്ഞാല്‍ വൈദ്യുതി സ്വയം നിലയ്ക്കുന്ന സംവിധാനമാണിത്. സംസ്ഥാനത്തെ എല്ലാ സബ്സ്റ്റേഷനുകളിലും 33 കെവി, 11 കെവി ഫീഡറുകളിലും ഈ സംവിധാനമുണ്ട്. ലോഡ് ക്രമാതീതമായി വര്‍ധിക്കുന്ന 11 കെവി ഫീഡറുകളില്‍ ഇങ്ങനെ വൈദ്യുതി വിതരണം നിലയ്ക്കും. പിന്നീട് അഞ്ച് മിനിറ്റ് നേരത്തേക്ക് ആ ഫീഡര്‍ ചാര്‍ജ് ചെയ്യാനാകില്ല.

ലോഡ്കൂടി വൈദ്യുതി മുടങ്ങുന്നതിന്റെ പേരില്‍ കെഎസ്ഇബി ഓഫീസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ അക്രമം നടത്തി ജീവനക്കാരുടെ മനോധൈര്യം കെടുത്തുന്നത് വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനം താറുമാറാക്കും. കനത്ത ചൂടിലും ജനങ്ങള്‍ക്ക് ഇടതടവില്ലാതെ വൈദ്യുതി എത്തിക്കുകയെന്ന ലക്ഷ്യത്തിനായി ജീവനക്കാര്‍ പോസ്റ്റിനു മുകളില്‍ ജോലി നിര്‍വഹിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു.

 
Other News in this category

 
 




 
Close Window