Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
കറണ്ട് കട്ട് മുന്നില്‍ കണ്ട് മെഴുകുതിരി വാങ്ങിക്കൂട്ടി ബ്രിട്ടീഷുകാര്‍
reporter

ലണ്ടന്‍: ബ്രിട്ടന്‍ ഒരു ധനിക രാജ്യമൊക്കെ തന്നെ. എന്നാല്‍ കറണ്ട് പോയാല്‍ ഇപ്പോഴും മെഴുകുതിരി വെളിച്ചത്തില്‍ ഇരിക്കേണ്ട അവസ്ഥ തന്നെയാണുള്ളത്. ഈ വിന്ററില്‍ കറണ്ട് കട്ട് യാഥാര്‍ത്ഥ്യമാകാന്‍ ഇടയുണ്ടെന്ന നാഷണല്‍ ഗ്രിഡ് മുന്നറിയിപ്പോടെ മെഴുകുതിരിക്ക് കൊണ്ടുപിടിച്ച കച്ചവടമാണ് രാജ്യത്ത് അരങ്ങേറുന്നത്. ആളുകള്‍ വിന്റര്‍ ലക്ഷ്യമിട്ട് വന്‍തോതില്‍ മെഴുകുതിരികള്‍ വാങ്ങിക്കൂട്ടി സൂക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ വരെ വൈദ്യുതി തടസ്സപ്പെടാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പ് ഏറ്റെടുത്താണ് ഈ ജാഗ്രത. എന്നാല്‍ ഉയര്‍ന്ന നിര്‍മ്മാണ ചെലവുകള്‍ മൂലം സ്റ്റോക്കുകള്‍ ഒരുക്കിവെയ്ക്കാന്‍ കഴിയുന്നില്ലെന്ന് മെഴുകുതികി വിതരണക്കാര്‍ വ്യക്തമാക്കി. മെഴുകുതിരിക്ക് പുറമെ കല്‍ക്കരി, വിറക് എന്നിവയുടെ വില്‍പ്പനയും കുതിച്ചുയരുന്നുണ്ട്. 'കഴിഞ്ഞ ആഴ്ച വില്‍പ്പന പതിയെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് ഇത് സാധാരണയേക്കാള്‍ 50% അധികമാണ്', മെഴുകുതിരി ഹോള്‍സെയിലറായ ക്രിസ്റ്റഫര്‍ കെനിയാലി പറയുന്നു. പവര്‍കട്ടിനെ കുറിച്ച് വന്ന വാര്‍ത്തയാണ് ഇതിലേക്ക് നയിച്ചതെന്നാണ് ഇദ്ദേഹം കരുതുന്നത്. കോവിഡ് കാലത്ത് ടോയ്ലറ്റ് പേപ്പര്‍ വാങ്ങിക്കൂട്ടിയ അതേ അവസ്ഥയാണ് മെഴുകുതിരിക്കുമെന്ന് ക്രിസ്റ്റഫര്‍ കൂട്ടിച്ചേര്‍ത്തു. എസെക്സില്‍ കാന്‍ഡില്‍സ് യുകെ എന്ന സ്ഥാപനം നടത്തുന്ന ഇദ്ദേഹത്തിന്റെ വില്‍പ്പന സാധാരണ വര്‍ഷം മുഴുവന്‍ താഴ്ന്ന നിലയിലാണ്. എന്നാല്‍ ഇന്നലെ രാത്രി വെബ്സൈറ്റ് വഴിയുള്ള ബള്‍ക്ക് പാക്കേജുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു.

ഇതിനിടെ ബ്രിട്ടന്‍ കനത്ത മഴയും, കാറ്റും, മാറിമറിയുന്ന കാലാവസ്ഥ നേരിടുന്നതിനിടെ മഞ്ഞ് തേടിയെത്തുമെന്ന് മുന്നറിയിപ്പ്. ഇതോടെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും പുറപ്പെടുവിച്ചു. തണുപ്പേറിയ വിന്ററാണ് ഇക്കുറി നേരിടേണ്ടി വരികയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു. സ്‌കോട്ട്ലണ്ടില്‍ മലനിരകളിലാണ് ആദ്യമായി മഞ്ഞുവീണ് തുടങ്ങുകയെന്ന് മെറ്റ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയാണ് തണുപ്പേറിയ താപനില ആദ്യമെത്തുക. അടുത്ത ആഴ്ചയില്‍ മഞ്ഞ് പ്രധാനമായും ഉയര്‍ന്ന പ്രദേശങ്ങളിലാണ് കേന്ദ്രീകരിക്കുകയെന്ന് മീറ്റിയോറോളജിസ്റ്റുകള്‍ വ്യക്തമാക്കി. താപനില മാറിമറിയുന്നതിനാല്‍ മഞ്ഞ് പെട്ടെന്ന് തന്നെ അലിയുകയും ചെയ്യും. അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യത്ത് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച മാത്രമാണ് ചില ഭാഗങ്ങളില്‍ നേരിയ ശമനം അനുഭവപ്പെടുക.

വരുന്ന ആഴ്ചയിലേക്ക് മഴ കനക്കുന്നതോടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം രൂപപ്പെടാന്‍ ഇടയാക്കും. ഗ്ലാസ്ഗോയില്‍ വെള്ളിയാഴ്ച തന്നെ വെള്ളക്കെട്ടുകളില്‍ കാറുകള്‍ കുടുങ്ങിയ കാഴ്ച പുറത്തുവന്നിരുന്നു. അടുത്ത ആഴ്ച മഞ്ഞുവീഴുന്നത് ഉയര്‍ന്ന പ്രദേശങ്ങളിലായതിനാല്‍ ഇവിടെയാണ് താപനില പൂജ്യത്തിന് താഴേക്ക് എത്തുക. ശനിയാഴ്ച ഉച്ചതിരിഞ്ഞ് തണുപ്പ് വീശിയടിക്കുകയും, ഞായറാഴ്ച വരെ ഇത് നീണ്ടുനില്‍ക്കുകയും ചെയ്യും. അടുത്ത ആഴ്ച ചൊവ്വ, ബുധന്‍ ദിവസങ്ങളിലാകും താപനില പൂജ്യത്തിന് താഴേക്ക് പതിക്കുക. കംബ്രിയ, ഡെര്‍ബിഷയര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇക്കുറി അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നുമുള്ള കാറ്റാകും യുകെയിലേക്ക് ഒഴുകിയെത്തുകയെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ മഞ്ഞിനും, ഐസിനും സാധ്യത കൂടുതലാണെന്നാണ് പ്രവചനം.

 
Other News in this category

 
 




 
Close Window