Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
സ്‌ട്രെപ് എ ബാധ രൂക്ഷം, മരണസംഖ്യ 16 ആയി, ശൈത്യകാലത്ത് വ്യാപനം രൂക്ഷമാകാന്‍ സാധ്യത
reporter

ലണ്ടന്‍: മുന്‍ വര്‍ഷങ്ങളില്‍ വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയിരുന്ന സ്ട്രെപ് എ ബാധ ഇക്കുറി കുട്ടികളുടെ ജീവനെടുക്കുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ബാക്ടീരിയയുടെ വരവ് ആഘാതമായി മാറുമ്പോള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് മാതാപിതാക്കള്‍ക്ക് വിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ട്രെപ് എ ബാധിച്ച് ഇംഗ്ലണ്ടില്‍ മരിച്ച കുട്ടികളുടെ എണ്ണം 16 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഹോവ് പാര്‍ക്ക് സ്‌കൂളിലെ 12 വയസ്സുള്ള വിദ്യാര്‍ത്ഥിയാണ് ഗ്രൂപ്പ് എ സ്ട്രെപ്ടോകോക്കല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ച് ഒടുവിലായി മരിച്ചത്.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും, ബ്രൈറ്റണ്‍ & ഹോവ് സിറ്റി കൗണ്‍സിലും മാതാപിതാക്കളെ ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. രക്ഷിതാക്കള്‍ക്കും, കെയറര്‍മാര്‍ക്കും ഇടയില്‍ രോഗലക്ഷണങ്ങളെ കുറിച്ച് ബോധവത്കരണം നടത്താന്‍ സ്‌കൂളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി പബ്ലിക് ഹെല്‍ത്ത് കൗണ്‍സില്‍ ഡയറക്ടര്‍ അലിസ്റ്റര്‍ ഹില്‍ പറഞ്ഞു. മറ്റൊരാളില്‍ നിന്നും ഐജിഎഎസ് രോഗം പകരുന്നത് വളരെ അപൂര്‍വ്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തും. ഇന്‍ഫെക്ഷന്‍ പിടിപെട്ട കൂടുതല്‍ പേരും ലക്ഷണങ്ങള്‍ പോലുമില്ലാതെ സുരക്ഷിതമായിരിക്കുന്നു, അതുകൊണ്ട് തന്നെ കുട്ടികളെ വീട്ടില്‍ ഇരുത്തേണ്ട സാഹചര്യമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ് ആശുപത്രികളില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ 7 ദശലക്ഷത്തിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മൊത്തം ജനസംഖ്യയുടെ എട്ടില്‍ ഒരാള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ആണെന്നാണ് കണക്കുകള്‍ചൂണ്ടിക്കാണിക്കുന്നത്. പലരും ഡോക്ടര്‍മാരെ കാണാന്‍ മാസങ്ങളോളമാണ് വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തുനില്‍ക്കേണ്ടതായി വരുന്നത്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് രോഗം ബാധിച്ച ജെയ്ന്‍ പ്രോബിന്‍ എന്ന സ്ത്രീ മൂന്നു വര്‍ഷത്തിലധികമായി എന്‍എച്ച്എസിന്റെ വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരുകയാണ്. 2020 ഒക്ടോബറില്‍ ഹിപ് ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിക്കുകയും, എന്നാല്‍ കോവിഡ്-19 രോഗബാധയെ തുടര്‍ന്ന് മാറ്റി വയ്ക്കേണ്ടതായി വരുകയും ചെയ്തു. 2022 മാര്‍ച്ചില്‍ ജെയ്‌നിന്റെ വലത് ഹിപ്പ് സര്‍ജറി നടത്തി. എന്നാല്‍ ഇടത് ഹിപ്പിന്റെ സര്‍ജറി ഇതുവരെ നടത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും തീവ്രമായ വേദനയിലൂടെയാണ് താന്‍ കടന്ന് പോകുന്നതെന്നും നടക്കാന്‍ കഴിയാത്തത് കൊണ്ട് വോക്കറിനെയാണ് ആശ്രയിക്കുന്നതെന്നും ജെയ്ന്‍ പറയുന്നു.

ഓര്‍ത്തോപീഡിക്ക് ചികിത്സയുടെ ഭാഗമായി ജെയ്ന്‍ മാത്രമല്ല വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരുന്നത്. ഏകദേശം 80,000 ത്തിലധികം രോഗികള്‍ പതിനെട്ട് ആഴ്ചയിലധികമായി വെയ്റ്റിംഗ് ലിസ്റ്റിലാണ്. ചികിത്സ ലഭിക്കുക എന്ന രോഗിയുടെ അവകാശം കൂടിയാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരുന്നത് പലരിലും ശരീരികവും മാനസികാവുമായ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും, പലരും വിഷാദരോഗങ്ങള്‍ക്ക് അടിമപ്പെടുകയാണെന്നും ചാരിറ്റി വേഴ്‌സസ് ആര്‍ത്രൈറ്റിസ് ചീഫ് എക്‌സിക്യൂട്ടീവായ ഡെബോറ അല്‍സീന പറഞ്ഞു. ഹൃദ്രോഗ സംബന്ധമായും ആളുകള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരുന്നുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. അടിയന്തിര ചികിത്സ ലഭിക്കാത്തപക്ഷം മരണംവരെ സംഭവിക്കാന്‍ സാധ്യതയുള്ള അവസ്ഥയില്‍ മൂന്ന് ലക്ഷത്തിലധികം രോഗികളാണ് ഡോക്ടറിനെ കാണുവാനായി 18 ആഴ്ച്ചയിലധികമായി കാത്തിരിക്കുന്നത്. ഇവരില്‍ പലരും സര്‍ജറി മുതല്‍ അടിയന്തിര ചികിത്സ ആവശ്യമുള്ളവരാണ്. എസെക്‌സില്‍ നിന്നുള്ള 62 കാരനായ ഗാരി കോഗന്‍, കഴിഞ്ഞ വര്‍ഷമാണ് ഹൃദയഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ട്രിപ്പിള്‍ ഹാര്‍ട്ട് ബൈപാസ് സര്‍ജറി വേണമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഇതുവരെ സര്‍ജറി നടന്നിട്ടില്ല. അടുത്ത വര്‍ഷമെങ്കിലും നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഗാരി കോഗന്‍. പ്രായമായ രോഗികള്‍ മാത്രമല്ല വെയ്റ്റിംഗ് ലിസ്റ്റ് കാരണം ദുരിതത്തിലായിരിക്കുന്നത്. 3,60,000 ത്തിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍ജറി മുതല്‍ വിവിധ ചികിത്സ ആവശ്യമായി ഉള്ളവരാണ് ഇവരില്‍ ഏറെയും. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവരില്‍ പലരും സ്‌കൂളില്‍ പോകാത്തതുകൊണ്ട് ക്ലാസുകള്‍ നഷ്ടപ്പെടുകയാണ്.

 
Other News in this category

 
 




 
Close Window