Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഹര്‍ത്താലില്‍ പൊതുമുതല്‍ തല്ലിത്തകര്‍ത്ത കേസ്: പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട് ജപ്തി ചെയ്തു
Text by TEAM UKMALAYALAM PATHRAM
പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫിന്റെ സ്ഥലം ജപ്തി ചെയ്തു. പട്ടാമ്പി ഓങ്ങല്ലൂരിലെ പത്ത് സെന്റ് സ്ഥലമാണ് ജപ്തി ചെയ്തത്.


പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു തുടങ്ങിയിരുന്നു. മിന്നല്‍ ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാനാണ് ജപ്തി. ജപ്തി നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജപ്തി നടപടികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

പാലക്കാട് ജില്ലയില്‍ 16 പിഎഫ്ഐ നേതാക്കളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു. പട്ടാമ്പിയില്‍ അഞ്ച് പേരുടെ സ്ഥലവും ജപ്തി ചെയ്തു. കോട്ടയം ജില്ലയില്‍ കണ്ടു കെട്ടിയത് 5 പേരുടെ സ്വത്തുക്കളാണ്. മീനച്ചില്‍ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജില്‍ 3 പേരുടെ സ്വത്തുക്കളും, കാഞ്ഞിരപ്പള്ളി , ചങ്ങനാശേരി താലൂക്കുകളിലായി ഓരോരുത്തരുടെ സ്വത്തുക്കളും കണ്ടു കെട്ടി.

ഇടുക്കിയിലും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടി. തൊടുപുഴ, ഉടുമ്പഞ്ചോല, ദേവികുളം തലൂക്കുകളിലായി ആറു പേരുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. കാസര്‍ഗോട്ട് പിഎഫ്ഐ നേതാക്കളായ നങ്ങാറത്ത് സിറാജുദീന്‍, മുന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന സി.ടി സുലൈമാന്‍, ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹി അബ്ദുല്‍ സലാം, ആലമ്പാടി സ്വദേശി ഉമ്മര്‍ ഫാറൂഖ് എന്നിവരുടെ സ്വത്തു വകകള്‍ കണ്ടുകെട്ടി.

കോഴിക്കോട് ജില്ലയില്‍ ജപ്തി നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 16 പേര്‍ക്ക് നോട്ടിസ് നല്‍കി. കോഴിക്കോട്, താമരശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലായി 23 വ്യക്തികളുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടാനുള്ളത്.

പോപ്പുലര്‍ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരത്തുകയായ 5.2 കോടി രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനാലാണ് ജപ്തി നടപടികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് ലാന്റ് റവന്യൂ കമ്മിഷണര്‍ മുന്‍നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നിര്‍ദേശം നല്‍കിയത്.

വിവിധ ജില്ലകളില്‍ ജപ്തി നടപടികള്‍ തുടരുകയാണ്. പി എഫ് ഐ ജനറല്‍ സെക്രട്ടറിയിരുന്ന അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടു കെട്ടിയിരുന്നു. കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കള്‍ കണ്ടു കെട്ടിയത്. കുന്നംകുളം താലൂക്ക് പരിധിയിലെ 5 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും ആണ് ജപ്തി ചെയ്തത്. സംസ്ഥാന നേതാക്കളായ യഹിയ കോയ തങ്ങള്‍, പികെ ഉസ്മാന്‍ എന്നിവരടക്കമുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇതില്‍ വീടും സ്ഥലവും ഉള്‍പ്പെടും. വയനാട് ജില്ലയില്‍ 14 ഇടങ്ങളിലായി നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചു.

പത്തനംതിട്ട ആനപ്പാറ സ്വദേശി സാദിഖ്, നിസാര്‍ എന്നിവരുടെയും, കോന്നി കുമ്മണ്ണൂര്‍ സ്വദേശി സബീറിന്റെയും സ്വത്തുക്കളും ജപ്തി ചെയ്തിട്ടുണ്ട്. എറണാകുളത്ത് മുഹമ്മദ് കാസിം, അബ്ദുല്‍ ലത്തീഫ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. പിഎഫ്ഐ ആസ്ഥാനമായിരുന്ന ആലുവയിലെ പെരിയാര്‍ വാലിയിലും നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പ് നല്‍കിയ പട്ടികയനുസരിച്ചാണ് ജപ്തി നടപടികള്‍ തുടരുന്നത്. നാളെ വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ജപ്തി നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ ടി വി അനുപമയുടെ നിര്‍ദേശം. മറ്റ് ജില്ലകളിലും ജപ്തി നടപടി പുരോഗമിക്കുകയാണ്.
 
Other News in this category

 
 




 
Close Window