|
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. അടുത്ത 10 വര്‍ഷത്തേക്കുള്ള തുറമുഖത്തിന്റെ നടത്തിപ്പിനായുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പു വെച്ചിരിക്കുന്നത്. ഈ കരാര്‍ ഇരുരാജ്യങ്ങള്‍ക്കും പരസ്പരം ബന്ധപ്പെടുന്നതിനും വ്യാപാര ബന്ധം കൂടുതല്‍ ശക്തമാകുന്നതിലും പ്രധാന പങ്കുവഹിക്കും. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍ ഈ തുറമുഖം വലിയ സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷ.
പരസ്യം ചെയ്യല്‍
ഇതാദ്യമാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്. കൂടാതെ അയല്‍ രാജ്യമായ പാക്കിസ്ഥാനെ മറികടന്ന് മധ്യേഷ്യയിലെ സാധ്യതകള്‍ നേരിട്ട് പ്രയോജനപ്പെടുത്താന്‍ ഈ കരാര്‍ ഇന്ത്യക്ക് സഹായകമാകും. ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡും (ഐപിജിഎല്‍) ഇറാന്റെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനും (പിഎംഒ) തമ്മില്‍ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. ഇക്കാര്യം കേന്ദ്ര തുറമുഖ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
''ചബഹാര്‍ തുറമുഖ വികസന പദ്ധതിയില്‍ ഷാഹിദ് ബെഹേഷ്തി തുറമുഖ നടത്തിപ്പിനായി ഇന്ത്യയുടെ ഇന്ത്യന്‍ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലിമിറ്റഡും (IPGL) ഇറാനിലെ പോര്‍ട്ട് & മാരിടൈം ഓര്‍ഗനൈസേഷനും (PMO) തമ്മില്‍ 10 വര്‍ഷത്തെ ഉഭയകക്ഷി കരാരില്‍ ഒപ്പിട്ടു'' പ്രസ്താവനയില്‍ അറിയിച്ചു. 10 വര്‍ഷത്തെ ദീര്‍ഘകാല പാട്ടക്കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും മേഖലയില്‍ നിന്നുള്ള വ്യാപാര സമൂഹങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. |