Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചിന്ത ജെറോം അന്നു പറഞ്ഞതു വെറും കഥ: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് 8.50 ലക്ഷം രൂപ
Text by TEAM UKMALAYALAM PATHRAM
സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് സംസ്ഥാന സര്‍ക്കാര്‍ ശമ്പള കുടിശ്ശിക അനുവദിച്ചു. 17 മാസത്തെ കുടിശ്ശികയായി 8.50 ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താന്‍ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്താ ജെറോം നേരത്തെ പറഞ്ഞിരുന്നത്. ചിന്തയുടെ ശമ്പളം ഒരു ലക്ഷം രൂപയായി നേരത്തെ വര്‍ധിപ്പിച്ചിരുന്നു.

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്ത ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ അങ്ങനെ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്തയുടെ വാദം. കായിക യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കിയത്.

2017 ജനുവരി 1 മുതല്‍ 2018 മെയ് 26 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തയ്ക്ക് കിട്ടുന്നത്. ഈ കാലയളവില്‍ ചിന്തയ്ക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. മുന്‍കാല പ്രാബല്യത്തോടെ ശമ്പളം 1 ലക്ഷം ആക്കി ശമ്പളം ഉയര്‍ത്തിയതിലൂടെ 8. 50 ലക്ഷം രൂപ ചിന്തയ്ക്ക് ലഭിക്കും.



ചിന്തയുടെ ശമ്പളം 2018 മെയ് 26 മുതല്‍ 1 ലക്ഷം രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ശമ്പള കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്താ ജെറോം 2022 ഓഗസ്റ്റ് 20 ന് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ചെയര്‍പേഴ്‌സണായി നിയമിതയായ 2016 ഒക്ടോബര്‍ 14 മുതല്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ആയതിനാല്‍ 2016 ഒക്ടോബര്‍ 14 മുതല്‍2018 മെയ് 26 വരെയുള്ള കാലയളവില്‍ അഡ്വാന്‍സായി കൈ പറ്റിയ തുകയും യുവജന കമ്മീഷന്‍ ചട്ടങ്ങള്‍ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണമെന്ന് 2022 ഓഗസ്റ്റ് 22 ന് ചിന്താ ജെറോം കത്ത് മുഖേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

താന്‍ സര്‍ക്കാരിനോട് കുടിശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് പറഞ്ഞത് . അങ്ങനൊരു കത്ത് ഉണ്ടെങ്കില്‍ പുറത്ത് വിടാനും ചിന്ത ജനുവരി 5ന് മാധ്യമങ്ങളെ വെല്ലുവിളിച്ചു. ഇത്രയും തുക ഒരുമിച്ച് കിട്ടിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും എന്നാണ് ചിന്ത പറഞ്ഞത്.

എന്നാല്‍ ചിന്ത പറഞ്ഞത് തെറ്റായിരുന്നുവെന്ന് ഇന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ നിന്ന് വ്യക്തം. ചിന്ത ആവശ്യപ്പെട്ടു, സര്‍ക്കാര്‍ അനുവദിച്ചു എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത നല്‍കിയ കത്ത് ധനവകുപ്പ് രണ്ട് പ്രാവശ്യം തള്ളിയിരുന്നു. മുന്‍കാല പ്രാബല്യത്തോടെ 1 ലക്ഷം രൂപ പ്രതിമാസം ശമ്പളം നല്‍കാനാവില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ 2022 സെപ്റ്റംബര്‍ 26 ന് 2016 ഒക്ടോബര് 4 മുതല്‍ 2018 മെയ് 25 വരെയുള്ള കാലയളവിലെ ശമ്പളം, അഡ്വാന്‍സ് ആയി നല്‍കിയ തുകയായ 50,000 രൂപയായി നിജപ്പെടുത്തി ക്രമികരിച്ച് കായിക യുവജന കാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു.

ഭരണ ഘടനാ വിവാദത്തില്‍ സജി ചെറിയാന്‍ മാറിയപ്പോള്‍ കായിക യുവജന കാര്യ വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസ് അവശ്യപെട്ടതനുസരിച്ച് ധനമന്ത്രി ബാലഗോപാല്‍ മുന്‍കാല പ്രാബല്യത്തോടെ 1 ലക്ഷം രൂപ ശമ്പളം നല്‍കാന്‍ തീരുമാനിച്ചു. 2018 മേയ് 26 ലാണ് യുവജനകമ്മീഷന് സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നത്. അന്ന് മുതലാണ് ശമ്പളം 1 ലക്ഷമായി തീരുമാനിച്ചത്.

സ്ത്രീ വിരുദ്ധരായ മാധ്യമങ്ങള്‍ ചിന്തയെ വേട്ടയാടുന്നു എന്നാണ് വിവാദം ഉണ്ടായ കാലത്ത് ചില പ്രമുഖ ഫേസ്ബുക്ക് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്.
 
Other News in this category

 
 




 
Close Window