Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമായ നടപടിയല്ലേ?: വേദന കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളുടെ സാധ്യതകള്‍ തേടണം: സുപ്രീംകോടതി
Text by TEAM UKMALAYALAM PATHRAM
തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സുപ്രീംകോടതി. തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമായ നടപടിയല്ലേയെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. തൂക്കിക്കൊലയ്ക്കു പകരം വേദന കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളുടെ സാധ്യതകള്‍ തേടാനും കോടതി നിര്‍ദ്ദേശിച്ചു.

കഴുത്തില്‍ കുരുക്കിട്ട് വധശിക്ഷ നടപ്പിലാക്കുന്നത് ക്രൂരതയാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി നിര്‍ദ്ദേശം. തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങള്‍ ലഭ്യമാണെങ്കില്‍ അവയെക്കുറിച്ച് കോടതിയെ അറിയിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിക്ക് കോടതി നിര്‍ദേശം നല്‍കി. ഹര്‍ജിയില്‍ ഇനി മേയ് രണ്ടിനു തുടര്‍വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണെന്നും തൂക്കിലേറ്റുമ്പോള്‍ ഈ അന്തസ് ഹനിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം.

തൂക്കിലേറ്റിയുള്ള മരണം വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍, ബദല്‍ ശിക്ഷാ മാര്‍ഗങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. വെടിവച്ചു കൊല്ലുക, ഇന്‍ജക്ഷന്‍ നല്‍കി കൊല, ഇലക്ട്രിക് കസേര തുടങ്ങിയവയാണ് ഹര്‍ജിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ബദല്‍ വധശിക്ഷാ മാര്‍ഗങ്ങള്‍.
 
Other News in this category

 
 




 
Close Window