ലണ്ടന്‍: യുകെയില്‍ താപനില ദിവസം തോറും പ്രവചനങ്ങളെ കവച്ച് വച്ച് മുന്നേറിക്കൊണ്ടിരിക്കുന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. 150 വര്‍ഷത്തെ ചരിത്രത്തിനിടെ രാജ്യത്തെ താപനില ആദ്യമായി ജുണ് 13ന് മുമ്പായി 30 ഡിഗ്രി കവിഞ്ഞിരിക്കുന്നുവെന്ന അസാധാരണതയും ഈ വര്‍ഷം സംഭവിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളില്‍ മെര്‍ക്കുറി 30 ഡിഗ്രിക്ക് മുകളിലെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുമുണ്ട്. ചൂടേറുന്നതിനാല്‍ ജലക്ഷാമത്തിന് സാധ്യതയേറിയിരിക്കുന്നതിനാല്‍ പല പ്രദേശങ്ങളിലും വെള്ളത്തിന് റേഷനിംഗ് ഏര്പ്പെടുത്തിയിട്ടുണ്ടെന്നതും ആശങ്കയേറ്റുന്നു. സസെക്സ്, കെന്റ് എന്നീ പ്രദേശങ്ങളുടെ പല ഇടങ്ങളിലും ഇപ്രകാരം കുടിവെള്ളത്തിന് നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ദാഹമകറ്റാനും മറ്റ് അത്യാവശ്യങ്ങള്‍ക്കും മാത്രമേ ഇവിടെ ജലം വിനിയോഗിക്കാവൂ എന്ന കടുത്ത നിര്‍ദേശമാണ് ഇവിടുത്തുകാര്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
ചൂടേറിയതും മഴ പര്യാപ്തമായ തോതിലുണ്ടാകാത്തതുമാണ് ജലക്ഷാമം രൂക്ഷമാകാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം രാജ്യത്തെ നാല് വെതര്‍ സ്റ്റേഷന് കീഴില്‍ വരുന്ന ഇടങ്ങളിലാണ് ജൂണ്‍ 13ന് അന്തരീക്ഷോത്മാവ് 30 ഡിഗ്രി കവിഞ്ഞിരിക്കുന്നത്. ഇത് പ്രകാരം വെയില്‍സിലെ പോര്ത്താംഡോഗില് താപനില 30.8 ഡിഗ്രിയായപ്പോള്‍ ഈസ്റ്റ് സസെക്സില്‍ ചൂട് 30 ഡിഗ്രിയിലെത്തിയിരുന്നു. ഹേണ് ഡോര്‍സെറ്റിലും ബ്രിഡ്ജ്ഫൂട്ടിലും താപനില 30.1 ഡിഗ്രിയിലാണ് താപനിലയെത്തിച്ചേര്ന്നിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഇഷ്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ സ്പെയിനിലെ ഇബിസയില്‍ വേനല്‍ കത്തിക്കാളുമ്പോള്‍ പോലും താപനില 26 ഡിഗ്രിയില്‍ മാത്രമേ എത്താറുള്ളുവെന്നിരിക്കേയാണ് യുകെയിലെ പ്രദേശങ്ങളില്‍ അത് 30 കവിഞ്ഞിരിക്കുന്നതെന്നത് കടുത്ത ആശങ്കക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. 1870 മുതലുളള കണക്കുകളിലൂടെ കണ്ണോടിക്കുമ്പോള്‍ യുകെയിലെ താപനില ഇതുവരെ ജൂണ്‍ 13ന് 30 ഡിഗ്രി കവിഞ്ഞിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം അതും സംഭവിച്ചിരിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നാണ് മെറ്റ് ഓഫീസ് വക്താവായ ഒല്ലീ ക്ലേയ്ഡണ് എടുത്ത് കാട്ടുന്നത്.