Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേന്ദ്ര സര്‍ക്കാരിന്റെ ഏക സിവില്‍ കോഡിനെതിരേ തിരുവന്തപുരത്ത് യുഡിഎഫ് ബഹുസ്വരതാ സംഗമം
Text By: Team ukmalayalampathram
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും തീരുമാനത്തിനെതിരെ യുഡിഎഫ് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കാത്തതിലും അവിടെ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളിലും പ്രതിഷേധിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് വേണ്ടി സംഘപരിവാര്‍ ഇതെല്ലാം മനഃപൂര്‍വം ഉണ്ടാക്കുന്നതാണ്. ആ കെണിയില്‍ വീഴാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു നിര്‍ത്താനുള്ള തീരുമാനമാണ് യു.ഡി.എഫ് കൈക്കൊണ്ടത്. അതിന്റെ ഭാഗമായി ജൂലൈ 29-ന് തിരുവനന്തപുരത്ത് എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ചുള്ള ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ബഹുസ്വരതാ സംഗമത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പുറമെ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും പങ്കെടുക്കും. അപകടകരമായ നീക്കത്തിനെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പ്രതിരോധിക്കണം. ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായ ബഹുസ്വരതാ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു. ബഹുസ്വരതയെ തകര്‍ക്കാനുള്ള എല്ലാ നീക്കങ്ങളെയും യു.ഡി.എഫ് തടയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയുടെ ബി ടീമായ സിപിഎമ്മുമായി ചേര്‍ന്ന് ഒരു സമരത്തിനും തങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

സര്‍ക്കാരിനെതിരായ യു.ഡി.എഫ് ഉന്നയിച്ച ഗുരുതര അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. 150 ദിവസമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഒരു മറുപടിയുമില്ല. സര്‍ക്കാരിന്റെ വീഴ്ചകള്‍ എല്ലാ ദിവസവും ആവര്‍ത്തിക്കുകയാണ്. കാലവര്‍ഷക്കെടുതി ഉണ്ടായപ്പോഴും സര്‍ക്കാര്‍ നോക്കി നിന്നു. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ആവശ്യമായ പണം പോലും നല്‍കിയില്ല. പനിയില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പനിക്കണക്ക് പുറത്ത് വിടരുതെന്ന തീരുമാനം മാത്രമാണ് സര്‍ക്കാരെടുത്തത്. കാര്‍ഷിക മേഖലയിലും ഗുരുതര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. ആയിരം കോടി രൂപയാണ് നെല്‍ കര്‍ഷര്‍ക്ക് നല്‍കാനുള്ളത്. നാളീകേരം, റബ്ബര്‍ ഉള്‍പ്പെടെയുള്ള മേഖലകളും വന്‍ പ്രതിസന്ധിയിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

നായ്ക്കള്‍ കുട്ടികളുടെ ചുണ്ട് വരെ കടിച്ചു കീറുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യമുണ്ടായിട്ടും അതിനെ നിയന്ത്രിക്കാന്‍ ഒരു മാര്‍ഗവുമില്ല. വ്യാജ സര്‍ട്ടിഫിക്കറ്റുകളും തട്ടിപ്പുമായി ഉന്നത വിദ്യാഭ്യാസ രംഗവും ദയനീയമായി തകര്‍ന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണ്ണിന് പ്രവേശനം കിട്ടുന്നില്ല. കെ.എസ്.ആര്‍.ടി.സിയെ പോലെ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷനും. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇല്ലാതാകുകയാണ്. റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിച്ചു. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഉണ്ടാകുന്നില്ല. ഇതിലെല്ലാം പ്രതിഷേധിച്ച് റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം ചെയ്യാനാണ് യു.ഡി.എഫ് തീരുമാനമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window