Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
പഠനം പൂര്‍ത്തിയാക്കാതെ സ്റ്റുഡന്റ് വിസയില്‍ നിന്ന് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറ്റുന്നത് തടയുന്ന നിയമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു
reporter

ലണ്ടന്‍: യുകെയില്‍ സ്റ്റുഡന്റ് വിസയിലെത്തിയവര്‍ പഠനം മുഴുമിപ്പിക്കാതെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടഞ്ഞ് കൊണ്ടുള്ള ഒരു നിയമം യുകെ ജൂലൈ 17 മുതല്‍ പ്രാബല്യത്തില്‍ വരുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ ഇനിയും മോചനം നേടിയിട്ടില്ല. അവര്‍ക്ക് ആശ്വാസമായിക്കൊണ്ട് ഈ നിയമത്തിനെതിരെ ഒരു പെറ്റീഷന്‍ ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഈ മനുഷ്യപ്പറ്റില്ലാത്ത നിയമം ഈ അവസരത്തില്‍ നടപ്പിലാക്കരുതെന്നും അടുത്ത വര്‍ഷം ജനുവരി മുതല്‍ യുകെയില്‍ പഠനം തുടങ്ങുന്ന സ്റ്റുഡന്റ്സിന് മാത്രമേ ഇത് ബാധകമാക്കാവൂ എന്നാവശ്യപ്പെട്ട് കൊണ്ടുള്ള പെറ്റീഷനാണ് നിരവധി പേരുടെ ഒപ്പുകളിലൂടെയുള്ള പിന്തുണയിലൂടെ നിലവില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ യുകെയില്‍ സ്റ്റുഡന്റ് വിസയിലെത്തി പഠിക്കുന്നവര്‍ ഇവിടേക്ക് എത്തിയ സമയത്ത് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുവെന്നും അതിനാല്‍ അവര്‍ക്ക് ആ സ്വാതന്ത്ര്യം അനുവദിക്കണമെന്നും പുതിയ നിയമത്തില്‍ നിന്ന് അവരെ ഒഴിവാക്കണമെന്നുമാണ് പെറ്റീഷന്‍ ശക്തമായി ആവശ്യപ്പെടുന്നത്.

ഇക്കാരണത്താല്‍ ഇപ്പോള്‍ സ്റ്റുഡന്റ് വിസയിലെത്തി ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറുന്നത് പുതിയ നിയമത്തിലൂടെ തടയിടരുതെന്നാണ് പെറ്റീഷന്‍ ലോഞ്ച് ചെയ്തവര്‍ ആവശ്യപ്പെടുന്നത്. യുകെ പാസാക്കിയ പുതിയ ലെജിസ്ലേഷന്‍ നീതിക്ക് നിരക്കാത്തതാണെന്നും പെറ്റീഷന്‍ ആരോപിക്കുന്നു. ഒരിക്കലും പില്‍ക്കാല പ്രാബല്യത്തോടെ ഈ നിയമം പ്രാവര്‍ത്തികമാക്കരുതെന്നും പെറ്റീഷനില്‍ ഒപ്പിട്ടവര്‍ ആവശ്യപ്പെടുന്നു. യുകെയില്‍ വിദ്യാര്‍ത്ഥി വിസയിലെത്തുന്നവര്‍ പഠനം മുഴുമിപ്പിക്കുന്നതിന് മുമ്പ് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറുന്ന പ്രവണത പരിധി വിട്ട് പെരുകി കുടിയേറ്റം വാണം പോലെ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ് ഇത് തടയുന്നതിനുള്ള കര്‍ക്കശമായ നിയമം യുകെ പാസാക്കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ക്കശമാക്കി കുടിയേറ്റം വെട്ടിച്ചുരുക്കുകയെന്ന തങ്ങളുടെ പ്രഖ്യാപിത വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ടോറി സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇതിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനില്‍ ഇത് വരെ 6541 പേരാണ് ഒപ്പിട്ടിരിക്കുന്നത്. 2024 ജനുവരി 20 വരെ ഈ പെറ്റീഷനില്‍ ഒപ്പ് വയ്ക്കാം. ഇതില്‍ ഒരു ലക്ഷം ഒപ്പുകള്‍ തികഞ്ഞാല്‍ വിഷയം പാര്‍ലിമെന്റില്‍ ചര്‍ച്ചക്ക് വയ്ക്കുന്നതായിരിക്കും. തല്‍ഫലമായി ഈ നിയമത്തില്‍ ഇളവ് വരുത്താനും സാധ്യതയുണ്ട്. ഇതിനാല്‍ ഈ പെറ്റീഷനില്‍ ഒപ്പ് വച്ച് നിങ്ങള്‍ക്കും പിന്തുണ അറിയിക്കാവുന്നതാണ്. പെറ്റീഷനില്‍ ഒപ്പ് വയ്ക്കാനായി താഴെക്കൊടുത്ത ലിങ്കില്‍ പോയാല്‍ മതി.

 
Other News in this category

 
 




 
Close Window