Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ രണ്ടു വര്‍ഷത്തെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്ക് ആറു ശതമാനത്തില്‍ താഴെയെത്തി
reporter

ലണ്ടന്‍: ജൂണ്‍ പകുതിക്ക് ശേഷം ആദ്യമായി ബ്രിട്ടനില്‍ രണ്ടുവര്‍ഷത്തെ ശരാശരിമോര്‍ട്ട്‌ഗേജ് നിരക്ക് 6 ശതമാനത്തില്‍ താഴെ എത്തി. ശരാശരി നിരക്ക് ഇപ്പോള്‍ 5.99% ആണെന്ന് ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് അറിയിച്ചു. ഇതോടെ പുതിയ വീട്ടുടമകളെ ആകര്‍ഷിക്കുന്നതിനായി സേവന ദാതാക്കള്‍ക്കിടയില്‍ മത്സരം ആരംഭിച്ചിട്ടുണ്ട്. ലിസ് ട്രസിന്റെ കാലത്ത് സാധാരണ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജിന്റെ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു. പിന്നീട് ചെറിയതോതില്‍ കുറവ് അനുഭവപ്പെട്ടെങ്കിലും ഉയര്‍ന്ന നിലയില്‍ തുടരുകയായിരുന്നു. ജൂലൈ അവസാനത്തോടെ ഇത് 6.86% ആയി ഉയര്‍ന്നു. പിന്നീട് ക്രമാനുഗതമായി കുറഞ്ഞാണ് ഇപ്പോള്‍ 5.99 ശതമാനത്തില്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ട് പ്രകാരം 2026 ഓടെ അഞ്ച് ദശലക്ഷം മോര്‍ട്ട്‌ഗേജ് ഉടമകള്‍ക്ക് അവരുടെ മോര്‍ട്ട്‌ഗേജ് പേയ്മെന്റുകള്‍ വര്‍ദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

അടുത്തയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ യോഗം ചേരുമ്പോള്‍, പലിശ നിരക്കുകള്‍ മൂന്നാം തവണയും 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഭവന വിപണിയെ മന്ദഗതിയിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിരക്കുകള്‍ 6 % ല്‍ താഴെ എത്തിയിരിക്കുന്നത് വീട് വാങ്ങുന്നവരെ തിരികെ കൊണ്ടുവരുവാന്‍ പ്രേരിപ്പിക്കുമെന്ന് സാമ്പത്തിക സ്ഥാപനമായ ഹാര്‍ഗ്രീവ്സ് ലാന്‍സ്ഡൗണിലെ പേഴ്സണല്‍ ഫിനാന്‍സ് മേധാവി സാറാ കോള്‍സ് പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശ നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപടി വലിയ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു. തുടരെ 14 തവണ കൂടി അടിസ്ഥാന പലിശനിരക്ക് 5.25 ശതമാനത്തില്‍ തുടരുകയാണ്. രണ്ടുതവണയായി പലിശനിരക്ക് കൂട്ടിയിട്ടില്ലെങ്കിലും കുറയ്ക്കാന്‍ സാധ്യതയില്ല. ഉടനെയൊന്നും പലിശ നിരക്കുകള്‍ കുറയില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി ആന്‍ഡ്രൂ ബെയ്ലി പറയുന്നു.

പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യത തെളിഞ്ഞ് വരുമ്പോഴാണ് ഇതിന് വിരുദ്ധമായ നിലപാട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പങ്കുവെയ്ക്കുന്നത്. പ്രതീക്ഷിക്കുന്ന വിധത്തില്‍ മുന്‍കൂട്ടി ഒരു പലിശ നിരക്ക് കുറയ്ക്കലിനുള്ള സാധ്യതയാണ് ആന്‍ഡ്രൂ ബെയ്ലി തള്ളിയത്. ഒപ്പം ദീര്‍ഘകാലം ഈ ഉയര്‍ന്ന പലിശകള്‍ സഹിക്കേണ്ടി വരുമെന്നും അദ്ദേഹം സൂചന നല്‍കുന്നു.

'നിരക്കുകള്‍ കുറയ്ക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ല. വിപണികള്‍ പലതും മുന്‍കൂട്ടി തീരുമാനിക്കും. എന്നാല്‍ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. കുറച്ച് കാലത്തേക്ക് ഈ നയനിയന്ത്രണം നിലവിലുണ്ടാകും. ഞങ്ങളുടെ നിരീക്ഷണം അനുസരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം നേടും', ഗവര്‍ണര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window