Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
എല്ലാവരുടെയും സമനില തെറ്റിയെന്ന് വിചാരിക്കുന്നത് തന്നെ അസുഖമാണ്, അതിനാണ് ഡോക്ടറെ കാണിക്കേണ്ടതെന്ന് വി.ഡി. സതീശന്‍
reporter

മലപ്പുറം: പ്രതിപക്ഷ നേതാവിന്റെ തല പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിഡി സതീശന്‍. ആര് എതിര്‍ത്താലും അവരുടെ തല പരിശോധിക്കണമെന്ന് പറയുന്നതാണ് പിണറായി വിജയന്റെ രീതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മലപ്പുറത്ത് പറഞ്ഞു. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രിയാണെന്നും വിഡി സതീശന്‍ ആരോപിച്ചു. ഒരുകോടി പാവപ്പെട്ടവര്‍ക്ക് ഏഴുമാസം പെന്‍ഷന്‍ കൊടുക്കാതെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഞെളിഞ്ഞു നടക്കുന്നത്. അതു പറയാതിരിക്കാന്‍ വേണ്ടിയാണ് വാ തുറന്നാല്‍ പൗരത്വ നിയമം, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എന്നൊക്കെ മുഖ്യമന്ത്രി പറയുന്നത്. ഒറ്റ ആശുപത്രിയിലും മരുന്നില്ല. മരുന്ന് കമ്പനികള്‍ക്ക് കൊടുക്കാനുള്ളത് കോടികളാണ്. കാരുണ്യ കാര്‍ഡ് സ്വകാര്യ ആശുപത്രികളില്‍ സ്വീകരിക്കുന്നില്ല. 1500 കോടിയാണ് കാസ്പ് കാര്‍ഡുമായി ബന്ധപ്പെട്ട് കൊടുക്കാനുള്ളത്. ഖജനാവില്‍ അഞ്ചുപൈസയില്ല. കേരളം മുഴുവന്‍ ജപ്തി നടപടികളാണ്.

മൂന്നിലൊന്നു മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുത്തത്. അതിന് മുഖ്യമന്ത്രിയെ വിമര്‍ശിക്കുമ്പോള്‍ തനിക്ക് സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇദ്ദേഹം പണ്ടുമുതലേ ഇതുപറയുന്ന ഒരാളാണ്. വൈദ്യുതി മന്ത്രിയായിരിക്കുന്ന സമയത്ത് എസ്എന്‍സി ലാവലിന്റെ ഫയല്‍ വന്നപ്പോള്‍, ധനകാര്യ സെക്രട്ടറി ഒരു കാരണവശാലും ലാവലിന് പിന്നാലെ പോകരുതെന്നും, തെറ്റാണെന്നും സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ഫയലില്‍ എഴുതി. അന്നത്തെ ധനകാര്യ സെക്രട്ടറിയുടെ തല പരിശോധിക്കണമെന്നാണ് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ എഴുതിവെച്ചത്.

നിയമസഭയില്‍ വെച്ചും ഇങ്ങനെ പലവട്ടം പറഞ്ഞിട്ടുണ്ട്. ആര് എതിര്‍ത്താലും അവരുടെ തല പരിശോധിക്കണമെന്നാണ് പറയുന്നത്. എല്ലാവരുടെയും സമനില തെറ്റി എന്നു വിചാരിക്കുന്നത് തന്നെ അസുഖമാണ്. അതിനാണ് ഡോക്ടറെ കാണിക്കേണ്ടത്. അല്ലാതെ ഞങ്ങളുടെ സമനിലയല്ല തെറ്റിയത്. തന്നെ വിമര്‍ശിക്കുന്ന എല്ലാവരുടേയും സമനില തെറ്റിയെന്ന് ഒരാള്‍ വിചാരിച്ചാലോ?. സമീപകാലത്തു തന്നെ എത്രപേരുടെ സമനില തെറ്റിയെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ പരിശോധിച്ചു നോക്കാന്‍ വിഡി സതീശന്‍ ആവശ്യപ്പെട്ടു.

വിഡി സതീശന്‍ നുണ പറഞ്ഞു എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. മുഖ്യമന്ത്രിയാണ് നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം പറഞ്ഞത്. പൗരത്വ നിയമം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍, കോണ്‍ഗ്രസ് എംപിമാര്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയി, ചര്‍ച്ചയില്‍ പങ്കെടുത്തില്ല എന്നായിരുന്നു പറഞ്ഞത്. ശശി തരൂര്‍, എന്‍കെ പ്രേമചന്ദ്രന്‍, ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന്റെ വീഡിയോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അയച്ചു കൊടുത്തിരുന്നു. സിഎഎ നിയമം ചര്‍ച്ച ചെയ്തപ്പോള്‍ രാഹുല്‍ഗാന്ധി വിദേശത്തായിരുന്നു, എതിര്‍ത്ത് കോണ്‍ഗ്രസ് വോട്ടു ചെയ്തില്ല എന്നൊക്കെയാണ് പറഞ്ഞത്.

പൗരത്വ നിയമത്തില്‍ പാര്‍ലമെന്റില്‍ എതിരായി രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ വോട്ടു ചെയ്തതിന്റെ രേഖകള്‍ മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തിരുന്നു. 2019 മുതല്‍ പൗരത്വ നിയമത്തിനെ കോണ്‍ഗ്രസ് എതിര്‍ത്തു വരികയാണ്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം ഇല്ലാതാക്കുമെന്ന് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി പഴയ പല്ലവി തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇടതില്ലെങ്കില്‍ ഇന്ത്യയില്ല എന്നാണ് എല്‍ഡിഎഫിന്റെ പുതിയ മുദ്രാവാക്യം. എന്താണ് ഇടതിന് ഇന്ത്യയില്‍ കാര്യം. എന്നാണ് ഇന്ത്യ എന്ന ആശയത്തിനോട് കമ്യൂണിസ്റ്റ് പാര്‍ട്ടി യോജിച്ചിട്ടുള്ളതെന്ന് വിഡി സതീശന്‍ ചോദിച്ചു. നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യം രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഒളിച്ചോടിയെന്ന് മോദി പറയുന്നു. പിണറായിയും അതുതന്നെ പറയുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ പിണറായിക്കും നരേന്ദ്രമോദിക്കും ഒരേ സ്വരമാണ്. വിഡി സതീശന്‍ കുറ്റപ്പെടുത്തി.

 
Other News in this category

 
 




 
Close Window