Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
വിദേശ പഠനത്തില്‍ കാനഡയും യുകെയും കടുപ്പമാകും
reporter

ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ക്യാനഡയിലും യുകെയിലും ഇനി കടുപ്പമേറും. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സന്നദ്ധമാകാത്തതാണ് ക്യാനഡയോടുള്ള താത്പര്യം കുറയ്ക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ അവിടെ പുതിയ നിയന്ത്രണങ്ങളും വന്നിട്ടുണ്ട്. അതേസമയം, പഠനത്തിനായാലും ജോലിക്കായാലും ചെലവേറുന്നതാണ് യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ വെല്ലുവിളിയായി നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റുഡന്റ് വിസയുടെ കാര്യത്തില്‍ താരതമ്യേന ഉദാര സമീപനം സ്വീകരിക്കുന്ന യുഎസും, വിദേശ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായവും പാര്‍ട്ട് ടൈം ജോലിക്ക് അവസരങ്ങളും വാഗ്ദാനം ചെയ്യുന്ന ജര്‍മനിയും കൂടുതല്‍ ആകര്‍ഷകമായ ലക്ഷ്യങ്ങളായി മാറുന്നത്.

യുകെയിലെ കോഴ്‌സുകള്‍ക്ക് പ്രതിമാസം 1,483 പൗണ്ട് (1.5 ലക്ഷം രൂപ) ഫീസ് വരും. ലണ്ടന് പുറത്തുള്ള കോഴ്‌സുകള്‍ക്ക് ഇത് 1,136 പൗണ്ട് വരെ കുറയാം. ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന്, ലണ്ടനില്‍ മൊത്തം 13,347 പൗണ്ടും (14 ലക്ഷം രൂപ) ലണ്ടന് പുറത്ത് 10,224 പൗണ്ടുമാണ് ഇപ്പോള്‍ ഏകദേശം ചെലവ്. വിസ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് 28 ദിവസമെങ്കിലും ഈ ഫണ്ട് അക്കൗണ്ടില്‍ ഉണ്ടാവണം. ജീവിതച്ചെലവ് ലണ്ടനില്‍ പ്രതിമാസം 1,334 പൗണ്ടും മറ്റ് പ്രദേശങ്ങളില്‍ 1.023 ചൗണ്ടുമാണ് ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ജീവിതച്ചെലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38,700 പൗണ്ട് വരുമാനം ഉണ്ടായിരിക്കണം. ഹോം ഓഫീസ് അംഗീകരിച്ച യുകെ തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പും അവര്‍ക്ക് ഉണ്ടായിരിക്കണം. തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യാത്ത അപേക്ഷകര്‍ അപേക്ഷിക്കുന്നതിന് 28 ദിവസത്തേക്ക് ആവശ്യമായ ഫണ്ട് കൈവശം വച്ചിട്ടുണ്ടെന്ന് കാണിക്കേണ്ടതുണ്ട്. വീസ അപേക്ഷ ഫീസിലും വര്‍ധന വിനോദസഞ്ചാരികള്‍, കുടുംബം, പങ്കാളികള്‍, കുട്ടികള്‍, വിദ്യാര്‍ഥി വീസകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ വീസ അപേക്ഷാ ഫീസില്‍ വര്‍ധനവുണ്ട്.

2025ല്‍ ജര്‍മനിയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുന്ന കൂടുതല്‍ സാമ്പത്തിക സഹായങ്ങളും, സര്‍വകലാശാലകള്‍ മുഖേനയുള്ള എറാസ്മസ് ഫണ്ടുമാണ്. ഉദാരമായ നിരവധി ഫണ്ടിങ് സ്‌കീമുകളും ഡിസ്‌കൗണ്ടുകളും രാജ്യവ്യാപക യാത്രാ പാസ് പോലുള്ള ആനുകൂല്യങ്ങളും ഉള്ളതിനാല്‍, താരതമ്യേന കുറഞ്ഞ ജീവിതച്ചെലവ് വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനി ഉറപ്പ് നല്‍കുന്നു. ജര്‍മനിയില്‍ സ്റ്റുഡന്റ് വിസ ലഭിക്കാന്‍, വിദ്യാര്‍ഥികള്‍ അവരുടെ ജീവിതച്ചെലവുകള്‍ക്കായി പ്രതിവര്‍ഷം 11,904 യൂറോ നിക്ഷേപമാണ് കാണിക്കേണ്ടതുണ്ട്. എന്നാല്‍, തൊഴിലാളി ക്ഷാമം അതിരൂക്ഷമായ ജര്‍മനിയില്‍ പാര്‍ട്ട് ടൈം ജോലികള്‍ക്ക് സാധ്യത ഏറെയാണ്. ഒപ്പം, പഠനം പൂര്‍ത്തിയാക്കി ഇവിടെ തന്നെ ജോലിയില്‍ തുടരുന്നവരെ സംബന്ധിച്ച്, മിനിമം വേതനം വര്‍ധിപ്പിക്കുന്നു എന്നതും സന്തോഷ വാര്‍ത്ത തന്നെ. 2025 ജനുവരിയോടെ, മിനിമം വേതനം മണിക്കൂറിന് 12.82 യൂറോ ആകും. 2025 ജനുവരി മുതല്‍, വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി, അല്ലെങ്കില്‍ മിനി ജോബ് വഴി പ്രതിമാസം 556 യൂറോ വരെ സമ്പാദിക്കാം. പുതിയ മിനിമം വേതനത്തില്‍ പ്രതിമാസം ഏകദേശം 43.3 മണിക്കൂറാണ് ജോലി ചെയ്യാന്‍ സാധിക്കുക. അത് ആഴ്ചയില്‍ ഏകദേശം 11 മണിക്കൂറിന് തുല്യമാണ്. രാജ്യത്തെ പല സര്‍വകലാശാലകളും ജര്‍മന്‍ വിദ്യാര്‍ഥികള്‍ക്കെന്ന പോലെ വിദേശികള്‍ക്കും ട്യൂഷന്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് മ്യൂണിക്ക് പോലെയുള്ള സര്‍വകലാശാലകള്‍ അടുത്ത വര്‍ഷം മുതല്‍ ട്യൂഷന്‍ ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാച്ചിലേഴ്‌സ് ഡിഗ്രികള്‍ ആരംഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്, ഫീസ് സാധാരണയായി ഒരു സെമസ്റ്ററിന് 2,000 - 3,000 യൂറോ ആയിരിക്കും. ബിരുദാനന്തര ബിരുദം എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് 4,000 - 6,000 യൂറോയുമാണ്. പുതിയ രണ്ട് വര്‍ഷത്തിനുള്ളില്‍, യൂറോപ്യന്‍ യൂണിയന്റെ എറാസ്മസ്+ പ്രോഗ്രാമിലൂടെ അന്താരാഷ്ട്ര വിദ്യാര്‍ഥി വിനിമയം പ്രോത്സാഹിപ്പിക്കുന്നതിന് ജര്‍മന്‍ സര്‍വകലാശാലകള്‍ക്ക് 220 ദശലക്ഷം യൂറോ ധനസഹായം ലഭിക്കും. ഈ പ്രോഗ്രാമിലൂടെ ജര്‍മനി സന്ദര്‍ശിക്കുന്ന ഏകദേശം 7,000 വിദേശ വിദ്യാര്‍ഥികള്‍ക്ക് 31 ദശലക്ഷം യൂറോ അധികമായി ലഭിക്കും. 35 വയസിനു താഴെ പ്രായവും, ബി1 ജര്‍മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് തൊഴില്‍ പരിശീലനം തേടുമ്പോള്‍ ഒമ്പത് മാസം വരെ ജര്‍മനിയില്‍ താമസിക്കാനും അനുവാദമുണ്ട്. BafoeG സ്റ്റുഡന്റ് ഫിനാന്‍സ് സമ്പ്രദായത്തിലെ പരിഷ്‌കാരത്തിലൂടെ, വിദ്യാര്‍ഥികള്‍ക്കുള്ള പരമാവധി അലവന്‍സ് അഞ്ച് ശതമാനം വര്‍ധിപ്പിച്ച് 855 യൂറോ ആക്കിയിട്ടുണ്ട്. 25 വയസിനു താഴെയുള്ളവര്‍ക്കാണ് ഇതു ലഭിക്കുക. 25 - 30 പ്രായ പരിധിയിലുള്ളവര്‍ക്ക് ഇത് 992 യൂറോ ആയിരിക്കും. 30 വയസിനു മുകളിലാണെങ്കില്‍ 1,088 യൂറോയും ലഭിക്കും. ഹൗസ് റെന്റ് അലവന്‍സായി പ്രതിമാസം 380 യൂറോയും ലഭിക്കാന്‍ വ്യവസ്ഥയുണ്ട്. കൂടാതെ, താഴ്ന്ന വരുമാനമുള്ള വീടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്റെ തുടക്കത്തില്‍ 1,000 യൂറോ ഒറ്റത്തവണ ഗ്രാന്റും ലഭിക്കും.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യക്കാര്‍ക്ക് പത്ത് ലക്ഷത്തിലധികം സ്റ്റുഡന്റ് വിസകളാണ് യുഎസ് അനുവദിച്ചിരിക്കുന്നത്. വിസിറ്റ് വിസകളുടെ എണ്ണത്തിലും പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തിയ വര്‍ഷമാണ് 2024. വിനോദസഞ്ചാരം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായും യു.എസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്. ഈ വര്‍ഷം അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്. ഏകദേശം 3,31,000ല്‍ അധികം വരും ഇവരുടെ എണ്ണം. അമേരിക്കയിലെത്തുന്ന വിദേശ ബിരുദ വിദ്യാര്‍ഥികളില്‍ ഏറ്റവുമധികം പേരും ഇന്ത്യയില്‍നിന്നാണ്. കഴിഞ്ഞ വര്‍ഷവും ഈ പട്ടികയില്‍ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്തെങ്കിലും ഈ വര്‍ഷം ഏകദേശം 19 ശതമാനത്തിന്റെ വര്‍ധനയുണ്ട്. രണ്ട് ലക്ഷത്തോളം ബിരുദ വിദ്യാര്‍ഥികളും ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തി.

 
Other News in this category

 
 




 
Close Window