ഏറ്റവും കൂടുതല്‍ ചായ വിറ്റു എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കാന്‍ കര്‍ണാടകത്തിന്റെ 'നന്ദിനി'. യുപിയില്‍ നടക്കുന്ന മഹാകുംഭമേളയില്‍ കര്‍ണാടക സഹകരണ പാല്‍ ഉത്പാദക ഫെഡറേഷന്റെ (കെഎംഎഫ്) പാല്‍ ഉപയോഗിച്ച് ഒരു കോടികപ്പ് ചായ വില്‍ക്കാനാണ് ഉദേശിക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
നന്ദിനിക്ക് ഇതിലൂടെ അപൂര്‍വമായ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കെഎംഎഫ് മാനേജിങ് ഡയറക്ടര്‍ ബി ശിവസ്വാമി പറഞ്ഞു. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. സ്റ്റോറുകളില്‍ 'നന്ദിനി'യുടെ പലഹാരങ്ങളും മില്‍ക്ക് ഷെയ്ക്കും ഉള്‍പ്പെടെയുള്ള മറ്റ് ഉത്പന്നങ്ങളും ഉണ്ടാകുമെന്ന് കെഎംഎഫ് അറിയിച്ചു. പ്രമുഖ ചായ-കാപ്പി ബ്രാന്‍ഡായ ചായ് പോയിന്റുമായി കെഎംഎഫ് കരാറൊപ്പിട്ടു. കുംഭമേളവേദിയില്‍ ചായ് പോയിന്റ് തുറക്കുന്ന പത്ത് സ്റ്റോറുകളില്‍ നന്ദിനിപ്പാലുകൊണ്ടുണ്ടാക്കുന്ന ചായയാകും വിതരണംചെയ്യുക. |