എസെക്‌സ്: എസെക്‌സിലെ പിറ്റ്‌സിയയില്‍ ഇ-സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. റോമന്‍ കാസല്‍ഡണും (16) സഹോദരി ഡാര്‍സിയുമാണ് (9) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.25 ഓടെയാണ് അപകടം നടന്നത്. 30 മൈല്‍ വേഗപരിധിയുള്ള റോഡില്‍ അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചാണ് കുട്ടികള്‍ മരിച്ചത്. കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിന് ശേഷം നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും കുട്ടികള്‍ മരണം സംഭവച്ചിരുന്നു.
നിര്‍ത്താതെ പോയ വാഹനത്തില്‍ ഒരു യുവാവും യുവതിയുമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 'ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ദുഃഖിതരാണ്. പിന്തുണ നല്‍കിയ എല്ലാവര്‍ക്കും പാരാമെഡിക്കുകള്‍ക്കും എയര്‍ ആംബുലന്‍സ് ക്രൂവിനും അവരെ രക്ഷിക്കാന്‍ ശ്രമിച്ച പൊതുജനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു' - കുട്ടികളുടെ അമ്മ എമ്മ കീലിങ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. അപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഓണ്‍ലൈന്‍ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഗോഫണ്ട്മീ വഴി 22,000 പൗണ്ടിലധികം സമാഹരിച്ചു. സംഭവത്തില്‍ എസെക്‌സ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ഉള്ളവര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.