ലണ്ടന്‍/മുംബൈ: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ട്വന്റി20 ക്രിക്കറ്റ് മത്സരം ആസ്വദിച്ച് ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകനും തന്റെ ഭാര്യപിതാവുമായ എന്‍. ആര്‍. നാരായണ മൂര്‍ത്തിക്കൊപ്പമാണ് ഋഷി സുനക് മത്സരം കാണാന്‍ എത്തിയത്. ഗാലറിയിലിരുന്ന ആരാധകര്‍ക്കൊപ്പം ആവേശത്തോടെ മത്സരം ആസ്വദിക്കുന്ന ചിത്രങ്ങള്‍ ഋഷി സുനക് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച് വളരെ വേഗമാണ് വൈറല്‍ ആയത്. ഇംഗ്ലണ്ടിന്റെ തോല്‍വിയില്‍ ദുഃഖമുണ്ടെങ്കിലും ഇന്ത്യയെ അഭിനന്ദിക്കുന്നതായി ഋഷി സുനക് പറഞ്ഞു.
ഇംഗ്ലണ്ടിനെ പരാജപ്പെടുത്തി വിജയം സ്വന്തമാക്കിയ ടീം ഇന്ത്യയെ ഋഷി സുനക് നേരിട്ട് പ്രശംസിച്ചു. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും മത്സരമാണ് നടന്നത്. അവസാന പോരാട്ടത്തിന് മുന്‍പായി ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരായ സൂര്യകുമാര്‍ യാദവുമായും ജോസ് ബട്ട്ലറുമായും ഋഷി സുനക് കൂടിക്കാഴ്ച നടത്തി. ഇംഗ്ലണ്ടിന് ഇത് മോശം ദിവസമായിരുന്നുവെന്നും കൂടുതല്‍ ശക്തമായി തങ്ങള്‍ തിരിച്ചുവരുമെന്നും ഋഷി സുനക് ഇംഗ്ലണ്ടിന്റെ പരാജയത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ചു. മുംബൈയില്‍ ഇരു ടീമുകളുടെയും താരങ്ങളോടൊപ്പം നില്‍ക്കുന്ന ചിത്രവും ഋഷി സുനക് പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 10.3 ഓവറില്‍ 97 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. ഫലം അഞ്ചാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 150 റണ്‍സിന്റെ വമ്പന്‍ വിജയം. നേരത്തേ സ്വന്തമാക്കിയ പരമ്പര ഇന്ത്യ 4-1 എന്ന നിലയില്‍ അവസാനിപ്പിച്ചു. 23 പന്തില്‍ 55 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സോള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. സോള്‍ട്ടിനു പുറമേ 10 റണ്‍സെടുത്ത ജേക്കബ് ബെതല്‍ മാത്രമാണ് ഇംഗ്ലിഷ് നിരയില്‍ രണ്ടക്കം കടന്നത്. മുംബൈ സന്ദര്‍ശനം തുടരുന്ന ഋഷി സുനക് ദക്ഷിണമുംബൈയിലെ പാഴ്‌സി ജിംഖാനയുടെ വാര്‍ഷികാഘോഷത്തിലും പങ്കെടുത്തു. തുടര്‍ന്ന് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒപ്പം ഋഷി സുനക് ക്രിക്കറ്റ് കളിച്ചു. ക്രിക്കറ്റ് കളിക്കാതെ മുംബൈയിലേക്കുള്ള ഒരുയാത്രയും പൂര്‍ത്തിയാകില്ലെന്ന് ഋഷി സുനക് പറഞ്ഞു.