ന്യൂഡല്‍ഹി: കൊച്ചിയില്‍നിന്ന് നേരിട്ട് ലണ്ടനിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് നല്‍കിയ നിവേദനത്തിന് കൂടുതല്‍ പിന്തുണ. യുകെയിലെ പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ മലയാളി സമൂഹമാണ് പിന്തുണയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ലണ്ടനിലെ ന്യൂകാസില്‍ സിറ്റി കൗണ്‍സില്‍ കാബിനറ്റ് അംഗമായ ഇന്ത്യന്‍ വംശജ ഡോ. ജൂണ സത്യന്‍ അടക്കമുള്ളവരാണ് ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. യു കെയില്‍ താമസിക്കുന്ന മലയാളികള്‍ വിമാനസര്‍വീസ് തുടരണമെന്ന് ആവശ്യപ്പെട്ടതായി ഡോ. ജൂണ സത്യന്‍ ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചു. 2025 മാര്‍ച്ച് 30ന് വിമാന സര്‍വീസ് അവസാനിപ്പിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.
യുകെയിലെ മലയാളി സമൂഹത്തില്‍ നിന്ന് വലിയ ആശങ്കയാണ് ഈ വിഷയത്തില്‍ ഉയരുന്നതെന്നും ജൂണ സത്യന്‍ പറഞ്ഞു. യുകെയില്‍ താമസമാക്കിയ കുടുംബങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ വിമാന സര്‍വീസ് വളരെയേറെ പ്രധാനപ്പെട്ടതാണ്. ഈ സര്‍വീസ് നിര്‍ത്തലാക്കുന്നതോടെ യാത്രാസമയം കൂടും. അധിക ചെലവിനും കാരണമാകുമെന്നും ജൂണ സത്യന്‍ ചൂണ്ടിക്കാട്ടി. മറ്റു വിമാന കമ്പനികളുമായി ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും വിമാന സര്‍വീസ് തുടരുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ മലയാളി സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും ജൂണ സത്യന്‍ പറഞ്ഞു.