|
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയക്കുന്ന നടപടിയില്‍ അമേരിക്കയെ ആശങ്ക അറിയിച്ചതായി ഇന്ത്യ. കുടിയേറ്റക്കാര്‍ക്കെതിരെ മോശമായി പെരുമാറരുതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. 487 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരികെ അയക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12,13 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിനുശേഷമുള്ള ആദ്യ സന്ദര്‍ശനമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ട്രംപുമായും അമേരിക്കയിലെ മറ്റ് മുതിര്‍ന്ന നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും.
പുതിയ ഭരണകൂടം അധികാരമേറ്റ് കഷ്ടിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രിയെ യുഎസ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നുവെന്ന് മിസ്രി പറഞ്ഞു. ഊര്‍ജം, പ്രതിരോധം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിഷങ്ങള്‍ മോദിയും ട്രംപും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. |